
ഗാസാ മുനമ്പിലെ ജനങ്ങൾ അനിശ്ചിതത്വവും ദുരിതവും നിറഞ്ഞ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ലത്തീൻ പാത്രിയർക്കേറ്റിലെ സഹായമെത്രാനും, വികാരി ജനറലുമായ അഭിവന്ദ്യ വില്യം ഹന്ന ഷോമാലി. ദീർഘനാളുകളായി തുടരുന്ന യുദ്ധത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ വിദ്യാഭ്യാസമേഖലയും, അടിസ്ഥാനസൗകര്യങ്ങളും തകർന്നതായി, വത്തിക്കാൻ ന്യൂസിനനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ജനസംഖ്യയുടെ വലിയൊരു വിഭാഗവും ഇപ്പോഴും താത്കാലിക അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഗാസാ പ്രദേശത്ത് 2025 ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ യഥാർത്ഥത്തിൽ യുദ്ധം അവസാനിപ്പിച്ചില്ലെന്നും കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇസ്രായേൽ ഗാസയിലുടനീളം ആക്രമണങ്ങൾ തുടർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം മാത്രം, ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 265 പേർ കുട്ടികളാണ്. ആക്രമണങ്ങളിൽ 3,400 പേർക്ക് പരിക്കേറ്റു.
ഗാസ മുനമ്പിന്റെ 47 ശതമാനം പ്രദേശത്താണ് അവിടെയുള്ള മുഴുവൻ ജനങ്ങളും താമസിക്കുന്നതെന്നും ബാക്കി 53 ശതമാനം പ്രദേശം ഇസ്രായേൽ അധീനതയിലാണെന്നും ഷോമാലി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനവും തകർന്ന നിലയിലാണെന്നും സാധാരണ കെട്ടിടങ്ങൾക്ക് പുറമെ, പ്രദേശത്തെ ജല-വൈദ്യുതി മേഖലയിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസാ മുനമ്പിൽ, മരുന്നുകൾ പരിമിതമായ തോതിൽ മാത്രമാണ് എത്തുന്നതെന്നും, ആവശ്യമായ എല്ലാ മരുന്നുകളും നിലവിൽ ലഭ്യമല്ലെന്നും അഭിവന്ദ്യ ഷോമാലി പറഞ്ഞു. പ്രദേശത്തെത്തുന്ന ഭക്ഷ്യവസ്തുക്കൾ ഗാസായിൽ വിൽക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് പലർക്കും തൊഴിൽ നഷ്ടമായതിനാൽ ഗാസായിലെ ലത്തീൻ ഇടവകസമുച്ചയത്തിൽ കഴിയുന്നവരുൾപ്പെടെയുള്ളവർക്ക് തങ്ങൾ സാമ്പത്തികസഹായം നല്കുന്നുണ്ടന്ന് അറിയിച്ച അദ്ദേഹം, എന്നാൽ ഹമാസിന്റെ നിരായുധീകരണം ഇനിയും പൂർണ്ണമായും സാധ്യമായിട്ടില്ലാത്തതിനാൽ പ്രദേശത്തെ പുനഃനിർമ്മാണപ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കാനായിട്ടില്ലെന്ന് വ്യക്തമാക്കി.
യുദ്ധം മൂലം കുട്ടികൾക്ക് വിദ്യാഭ്യാസസാധ്യതകൾ മുടങ്ങിയെന്നും, എന്നാൽ പ്രദേശത്തുള്ള തിരുക്കുടുംബ ഇടവക ദേവാലയത്തിലെ സ്കൂൾ സെപ്റ്റംബറോടെ തുറന്ന് ആയിരത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ നൽകാനാണ് ലത്തീൻ പാത്രിയാർക്കേറ്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുവഴി കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും അഭിവന്ദ്യ ഷോമാലി പങ്കുവച്ചു.