
മലപ്പുറം: ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ കയറി തെരുവുനായ ക്രൂരമായി ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ജൂലൈ 18-ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബന്ധുവീട്ടിൽ വിവാഹ ആവശ്യങ്ങൾക്കായി എത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമിനാണ് കടിയേറ്റത്.
വീടിനുള്ളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അപ്രതീക്ഷിതമായി കടന്നുകയറിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖത്തും, ചെവിയിലും, തലയിലും കൈകളിലും സാരമായ പരിക്കുകളുണ്ട്. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായയെ ഓടിച്ചുവിട്ടത്. ഉടൻ തന്നെ കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിൽ വെച്ച് മറ്റു മൂന്നുപേർക്ക് കൂടി ഇതേ തെരുവുനായയുടെ കടിയേറ്റു.