
വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ വിലയിരുത്തുകയും അമേരിക്കൻ സർക്കാരിന് ശുപാർശകൾ നൽകുകയും ചെയ്യുന്ന യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം കമ്മീഷനിലേക്ക് (യു.എസ്.സി.ഐ.ആർ.എഫ്.) പുതിയ അംഗങ്ങളെ നിയമിച്ചു. ഇന്ത്യൻ വംശജയും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ഗുനിഷ കൗർ പുതിയ അംഗങ്ങളിൽ ശ്രദ്ധേയയാണ്.
1998-ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം രൂപവത്കരിച്ച യു.എസ്.സി.ഐ.ആർ.എഫ്. അമേരിക്കൻ കോൺഗ്രസിന് കീഴിലുള്ള സ്വതന്ത്രവും ഇരുകക്ഷി പിന്തുണയുള്ളതുമായ കമ്മീഷനാണ്. പ്രസിഡന്റും കോൺഗ്രസിലെ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് നേതാക്കളും ചേർന്നാണ് ഒമ്പത് അംഗങ്ങളെ നിയമിക്കുന്നത്.
പുതിയ നിയമനങ്ങളിൽ ഡേവിഡ് എ. ആൻഡേഴ്സൺ, സിസി ഹെയിൽ, ഡോ. ഗുനിഷ കൗർ, ജീൻ മിൽസ് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. നിലവിലെ അംഗങ്ങളായ റേച്ചൽ ലേസറും ഇന്ത്യൻ വംശജനായ ഡോ. ആസിഫ് മഹ്മൂദും വീണ്ടും നിയമിതരായി.
ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസ് വീണ്ടും നിയമിച്ച ഡോ. ആസിഫ് മഹ്മൂദ് കമ്മീഷന്റെ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. തൊഴിൽപരമായി ഡോക്ടറായ അദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമാണ്.
പുതിയ അംഗങ്ങളുടെ നിയമനത്തെ സ്വാഗതം ചെയ്ത ഡോ. മഹ്മൂദ്, ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനുമെതിരായ വെല്ലുവിളികളെ നേരിടുന്നതിൽ അവരുടെ വൈവിധ്യമാർന്ന അനുഭവസമ്പത്ത് കമ്മീഷന് വലിയ കരുത്താകുമെന്ന് അഭിപ്രായപ്പെട്ടു.
സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമറാണ് ഡോ. ഗുനിഷ കൗറിനെ കമ്മീഷനിലേക്ക് നിയമിച്ചത്. ഡോക്ടറും മെഡിക്കൽ ആന്ത്രോപോളജിസ്റ്റും ശാസ്ത്രജ്ഞയുമായ അവർ രണ്ട് പതിറ്റാണ്ടിലേറെ മനുഷ്യാവകാശ മേഖലയിൽ ഗവേഷണവും സേവനപ്രവർത്തനവും നടത്തിയിട്ടുണ്ട്. ലോകത്തെ വിവിധ മാനുഷിക ദുരന്തബാധിത മേഖലകളിൽ ചികിത്സാ സേവനങ്ങളും മനുഷ്യാവകാശ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച അനുഭവവും അവർക്കുണ്ട്.
ചക്ക് ഷൂമർ വീണ്ടും നിയമിച്ച റേച്ചൽ ലേസർ, സഭയും സർക്കാരും തമ്മിലുള്ള വേർതിരിവിനായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ കമ്മീഷന്റെ പ്രവർത്തനം അമേരിക്കയുടെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് അവർ പറഞ്ഞു.
ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസ് നിയമിച്ച ഡേവിഡ് എ. ആൻഡേഴ്സൺ, വർഗം, മതം, സംസ്കാരം, സാമ്പത്തിക അസമത്വം എന്നിവ മറികടന്ന് സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ പ്രവർത്തിക്കുന്ന ഗ്രേസിസം ഗ്ലോബൽ എന്ന സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമാണ്. അമ്പത്തിരണ്ടിലധികം രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികളെ ഉൾക്കൊള്ളുന്ന ബ്രിഡ്ജ്‌വേ കമ്മ്യൂണിറ്റി ചർച്ചിന്റെ മുതിർന്ന പാസ്റ്ററുമാണ് അദ്ദേഹം.
സെനറ്റ് മെജോറിറ്റി ലീഡർ ജോൺ ത്യൂൺ നിയമിച്ച സിസി ഹെയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകയും അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസിന്റെ അന്താരാഷ്ട്ര നിയമവിഭാഗം ഡയറക്ടറുമാണ്. മതസ്വാതന്ത്ര്യം, നിയമവാഴ്ച, ലോകമെമ്പാടുമുള്ള ന്യൂനപക്ഷ വിശ്വാസ സമൂഹങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി അവർ പ്രവർത്തിച്ചുവരുന്നു.
ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ നിയമിച്ച ജീൻ മിൽസ് ലൂസിയാന ഫാമിലി ഫോറത്തിന്റെ പ്രസിഡന്റാണ്. ജീവന്റെ സംരക്ഷണം, വ്യക്തിസ്വാതന്ത്ര്യം, പരിമിത സർക്കാർ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് അദ്ദേഹം.
ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങൾ നിരീക്ഷിക്കുകയും അവ സംബന്ധിച്ച റിപ്പോർട്ടുകളും നയപരമായ ശുപാർശകളും അമേരിക്കൻ പ്രസിഡന്റിനും കോൺഗ്രസിനും സമർപ്പിക്കുകയും ചെയ്യുന്ന പ്രധാന സ്വതന്ത്ര സ്ഥാപനമാണ് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ.