Image

ലാസ് വെഗാസ് എയർപോർട്ടിൽ ടൂറിസ്റ്റിനെ അറസ്റ്റ് ചെയ്യാൻ ഐസ് നടത്തിയ ശ്രമം പരാജയപ്പെട്ടു (പിപിഎം)

Published on 18 July, 2026
 ലാസ് വെഗാസ് എയർപോർട്ടിൽ ടൂറിസ്റ്റിനെ അറസ്റ്റ് ചെയ്യാൻ ഐസ് നടത്തിയ ശ്രമം പരാജയപ്പെട്ടു (പിപിഎം)

വിസ കാലാവധി കഴിഞ്ഞു യുഎസിൽ തുടർന്നു എന്ന കുറ്റം ആരോപിച്ചു ഓസ്‌ട്രേലിയൻ പൗരനെ അറസ്റ്റ് ചെയ്യാൻ ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) ലാസ് വേഗസ് വിമാനത്താവളത്തിൽ വച്ചു ശ്രമം നടത്തിയതു വിവാദമായി.

ഹാരി റീഡ് എയർപോർട്ടിലെ ടെർമിനൽ 3ൽ തിങ്കളാഴ്ച്ച ഫു നുഗ്യൻ എന്ന 57കാരനെ തറയിൽ കിടത്തി വിലങ്ങിടാൻ ഐസ് ഏജന്റുമാർ ശ്രമിക്കുമ്പോൾ അയാൾ നിലവിളിച്ചതോടെയാണ് ആളുകൾ ശ്രദ്ധിച്ചത്. വീഡിയോ എടുക്കുന്നതു കണ്ടതോടെ ഐസ് ഏജൻറുമാർ സ്ഥലം വിട്ടു. മുഖം മൂടിയിരുന്ന സ്ത്രീയും പുരുഷനും ആയിരുന്നു ഏജൻറുമാർ.  

ഒരു കൈയ്യിൽ വിലങ്ങുമായി തറയിൽ കിടന്ന നുഗ്യനെ ലാസ് വെഗാസ് പോലീസ് എത്തി മോചിപ്പിച്ചു. അദ്ദേഹത്തിന്റെ പേരിൽ അറസ്റ്റ് വാറന്റ് ഇല്ലെന്നു പോലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്യാൻ ഐസ് ശ്രമിച്ചില്ല എന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) പിന്നീടു പറഞ്ഞത്. എന്നാൽ ചൊവാഴ്ച്ച ലോസ് ഏഞ്ജലസ് എയർപോർട്ടിൽ വിമാനം കയറാൻ എത്തിയപ്പോൾ ഐസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിയറ്റ്നാം വംശജനാണ് അദ്ദേഹം.

യാതൊരു ഉത്തരവാദിത്തവും ഇല്ലാതെയാണ് ഐസ് പ്രവർത്തിക്കുന്നതെന്നു നെവാഡയിൽ നിന്നുള്ള ഡെമോക്രാറ്റിക് യുഎസ് സെനറ്റർ ജാക്കി റോസെൻ പറഞ്ഞു. "നമ്മുടെ സമൂഹത്തിൽ അവർ ഭീതി നിറയ്ക്കുകയാണ്. ടൂറിസ്റ്റുകളെ അവർ ഭയപ്പെടുത്തുന്നു. നമ്മുടെ ടൂറിസത്തെ ഇത് തകർക്കും."

ലാസ് വേഗസിൽ ഐസ് നടത്തിയ അറസ്റ്റ് ശ്രമത്തെ കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു നെവാഡ ലാറ്റിനോ ലെജിസ്ളേറ്റിവ് കോക്കസും ഏഷ്യൻ അമേരിക്കൻ നേറ്റിവ് ഹവായിയൻ പാസിഫിക് ഐലൻഡർ കോക്കസും ആവശ്യപ്പെട്ടു. 

നെവാഡയിൽ ഫെഡറൽ ഏജൻസികളുടെ പ്രവർത്തനം സുതാര്യത ഇല്ലാതെയാണ് നടക്കുന്നതെന്നു ഗവർണർ ജോ ലൊംബാർഡോയോടു അവർ ചൂണ്ടിക്കാട്ടി.

യുഎസ് കോൺഗ്രസിലെ ഏഷ്യൻ പാസിഫിക് അമേരിക്കൻ കോക്കസ് ചെയർ ഗ്രെയ്‌സ് മെങ് സംഭവത്തെ അപലപിച്ചു. ഐസ് ഏജന്റുമാർ സമൂഹത്തിൽ ഭീതി നിറയ്ക്കുകയാണെന്നു അവർ ചൂണ്ടിക്കാട്ടി.

Outrage as ICE agents tackle man at Las Vegas airport

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക