
(ഈ പംക്തിയെ ഒരു മതവുമായി ബന്ധപ്പെട്ടു കാണരുത്. ഇത് ഭാരതീയ സംസ്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രത്തിലൂടെ (History of Indian Culture and Civilization) നടത്തുന്ന ഒരു ഓട്ടപ്രദക്ഷിണമായി കരുതുക. ഇതിൽ പറയുന്ന കഥകളുടെ, ആളുകളുടെ ആധികാരികത തേടേണ്ട കാര്യമില്ല. അവയിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശങ്ങൾ പഠിക്കുക, മാർഗ്ഗദർശകമാക്കുക.. മതം എവിടെ കയറിവരുന്നുവോ അവിടെ നാശമുണ്ട്. മതം വേണ്ട. ഈ മാസത്തെ പുണ്യമാസമായി കണ്ടു പണ്ടുള്ളവർ പറഞ്ഞുവച്ച അറിവിലൂടെ സഞ്ചരിക്കുക.)
ഇന്ന് രാമായണമാസത്തിന്റെ രണ്ടാം ദിവസമാണ്. രാമായണം കഥ എല്ലാവർക്കും അറിയാവുന്നതുകൊണ്ട് അത് ആവർത്തിച്ച് വിരസതയുണ്ടാക്കുന്നില്ല. എന്നാൽ അതിലെ ചില സന്ദർഭങ്ങൾ വിശദീകരിച്ച് വായനക്കാരുടെ ഓർമ്മ പുതുക്കുന്നു. വിശ്വാമിത്ര മഹർഷിയെയും വസിഷ്ഠമഹർഷിയെയുംപ്പറ്റിയുള്ള ചില കഥകൾ കേൾക്കുക.
ക്ഷത്രിയരാജാവായിരുന്ന വിശ്വാമിത്രൻ കഠിനതപസ്സിലൂടെയാണ് " രാജർഷി പദവിയും ബ്രഹ്മർഷി പദവിയും നേടിയത്. എന്നാൽ ബ്രാഹ്മണർഷിയായ വസിഷ്ഠൻ ജന്മം കൊണ്ട് തന്നെ മഹർഷിയായിരുന്നു. ഹൈന്ദവപുരാണങ്ങളിൽ ഇവർ രണ്ടുപേരും പ്രശസ്തമായ ഗുരുക്കന്മാരും എന്നാൽ കടുത്ത മത്സരം നടത്തിയവരുമാണ്.
എല്ലാവർക്കും വസിഷ്ഠനോടാണ് കൂടുതൽ ഇഷ്ടം. ത്രിമൂർത്തികൾക്കുപോലും വസിഷ്ഠ മഹർഷിയോടാണ് ഇഷ്ടം എന്ന ബോധ്യം വന്നപ്പോൾ എന്താണതിന്റെ കാരണം എന്നറിയണമെന്ന് വിശ്വാമിത്ര മഹർഷിക്ക് തോന്നി. അങ്ങനെയിരിക്കുമ്പോൾ അദ്ദേഹത്തിന് മഹാവിഷ്ണുവിനെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചു. വിശ്വാമിത്രൻ ചോദിച്ചു ഭഗവാനെ ഞങ്ങൾ രണ്ടുപേരും ഒരേപോലെ തപശ്ശക്തിയുള്ളവരും ഒരേ പോലെ കഴിവുള്ളവരുമാണ്. എന്നാൽ എല്ലാവർക്കും വസിഷ്ഠമഹർഷിയോടാണ് ആളുകൾക്ക് ഇഷ്ടം. എന്താണതിന്റെ കാരണം. മഹാവിഷ്ണു പറഞ്ഞു. ഞാനതിന്റെ ഉത്തരം തരാം. പക്ഷെ അതിനായി അങ്ങ് കുറച്ചുകാലം ക്ഷമയോടെ കാത്തിരിക്കണം.
കുറച്ചുനാളുകൾക്കുശേഷം മഹാവിഷ്ണു വസിഷ്ഠമഹർഷിയെയും വിശ്വാമിത്ര മഹർഷിയെയും വൈകുണ്ഠത്തിലേക്ക് ക്ഷണിച്ചു. അവരെ ആദരിച്ചിരുത്തിയശേഷം ഭഗവാൻ പറഞ്ഞു "നിങ്ങൾ രണ്ടുപേരും ശ്രേഷ്ഠരിൽ ശ്രേഷ്ടരാണ്. മുടക്കം കൂടാതെ നിങ്ങളുടെ കർമ്മങ്ങളെ അനുഷ്ഠിക്കുന്നവരുമാണ്. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങൾ നിങ്ങളെക്കാൾ താഴ്ന്നവരായിട്ടുള്ള നൂറ്റിയൊന്ന് പേർക്ക് സദ്യ ഒരുക്കണം. അതുകഴിഞ്ഞു എന്നെ വന്നു കാണുക. ആ നിർദേശം സ്വീകരിച്ച് രണ്ടുപേരും അവിടെ നിന്നും പോയി.
പിറ്റേദിവസം തന്നെ വിശ്വാമിത്രൻ ഭഗവാനെ കണ്ടു പറഞ്ഞു ഞാൻ നൂറ്റിയൊന്നല്ല, ആയിരത്തിയൊന്നു പേർക്ക് സദ്യ നൽകി. ഭഗവൻ വളരെ സന്തോഷത്തോടെ പറഞ്ഞു നിങ്ങൾക്ക് അത് സാധ്യമാകുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു.. എന്തായാലും നന്നായി. വിശ്വാമിത്രൻ മനസ്സിൽ കുറിച്ചു " വസിഷ്ഠനെക്കാൾ ശ്രേഷ്ഠൻ ഞാൻ തന്നെ" . ഭഗവാൻ പറഞ്ഞു വസിഷ്ഠമഹർഷി വരട്ടെ എന്നിട്ടു അങ്ങ് പോയാൽ മതി. മഹാവിഷ്ണുവും വിശ്വാമിത്രനും വസിഷ്ഠമഹർഷിയുടെ വരവും കാത്ത് ഇരുന്നു.
ദിവസങ്ങൾ കടന്നുപോയി. വളരെ നാളുകൾക്കുശേഷം വസിഷ്ഠമഹർഷി ക്ഷീണിച്ചവശനായി വൈകുണ്ഠത്തിൽ എത്തി. ഭഗവൻ ചോദിച്ചു എന്തേ ഇത്ര വൈകിയത്. എന്തേ ഇങ്ങനെ ക്ഷീണിച്ചുപോയത്. വസിഷ്ഠമഹർഷി പറഞ്ഞു ഭഗവാനെ എന്നോട് ക്ഷമിക്കണം. അങ്ങ് എന്നെ ഏല്പിച്ച ദൗത്യം നിർവഹിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നെക്കാൾ താഴ്ന്നനിലയിലുള്ള ഒരാളെപ്പോലും എനിക്ക് ഭൂമിയിൽ കാണാനായില്ല. മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികൾ പോലും എന്നെക്കാൾ ശ്രേഷ്ഠരാണ്. അപ്പോൾ ഞാൻ എങ്ങനെയാണ് എന്നെക്കാൾ താഴ്ന്നവരെ ഊട്ടുന്നത്. അതുകേട്ട് ഭഗവൻ വിശ്വാമിത്രനോട് ചോദിച്ചു അങ്ങേക്ക് ഇപ്പോൾ മനസ്സിലായോ എന്തുകൊണ്ട് ലോകർ വസിഷ്ഠമഹർഷിയെ സ്നേഹിക്കുന്നുവെന്ന്. അങ്ങ് വിശ്വസിക്കുന്നത് ഈ ലോകത്തിലുള്ളവരെല്ലാം അങ്ങയെക്കാൾ താഴെയാണ് അങ്ങാണ് ഏറ്റവും ശ്രേഷ്ഠൻ എന്ന്. എന്നാൽ വസിഷ്ഠമഹർഷി വിശ്വസിക്കുന്നത് എല്ലാവരും തന്നെക്കാൾ ശ്രേഷ്ടരാണെന്നാണ്. അങ്ങയുടെ അഹങ്കാരത്തെക്കാൾ വസിഷ്ഠമഹർഷിയുടെ വിനയമാണ് ജനങ്ങൾക്ക് പ്രിയം.
വാൽമീകി രാമായണത്തിലെ ബാലകാണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള സൂര്യവംശത്തിലെ ഒരു രാജാവാണ് തൃശ്ശങ്കു. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് സത്യവ്രതൻ എന്നായിരുന്നു. ഇദ്ദേഹത്തിന് ഉടലോടെ സ്വർഗ്ഗത്തിൽ പോകണമെന്ന മോഹമുദിക്കുകയും ആ വിവരം ഗുരുവായ വസിഷ്ഠ മഹർഷിയെ അറിയിക്കുകയും അതിനുവേണ്ടിയുള്ള പ്രത്യേക ബലിദാനങ്ങൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അത് പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ അങ്ങനെ ചെയ്യാൻ സാധ്യമല്ലെന്നു വസിഷ്ഠമഹർഷി അറിയിച്ചു. നിരാശനായ തൃശ്ശങ്കു വസിഷ്ഠമഹർഷിയോട് വിരോധം വച്ചുപുലർത്തിയിരുന്ന വിശ്വാമിത്രനെ സമീപിച്ചു. വിശ്വാമിത്രനിലെ കോപം, അഹങ്കാരം എന്നിവ ഉണർന്നു. അദ്ദേഹം ഒരു വാശിപോലെ യാഗങ്ങൾ ചെയ്തു തൃശ്ശങ്കുവിനെ സ്വർഗ്ഗത്തേക്കയച്ചു. എന്നാൽ ഇന്ദ്രനും ദേവന്മാരും അദ്ദേഹത്തെ തിരിച്ചയച്ചു. അദ്ദേഹത്തെ ഭൂമിയിൽ പതിക്കാൻ അനുവദിക്കാതെ വിശ്വാമിത്രൻ തന്റെ തപോബലം കൊണ്ട് ആകാശത്ത് തടഞ്ഞു നിർത്തി. ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ തലകീഴായി തൂങ്ങി നിൽക്കുന്ന ഒരു സ്വർഗ്ഗം വിശ്വാമിത്രൻ തൃശ്ശങ്കുവിന് വേണ്ടി സൃഷ്ടിച്ചു. ഇതിനെ തൃശ്ശങ്കു സ്വർഗ്ഗം എന്ന് വിളിക്കുന്നു.
വിശ്വാമിത്രന്റെ തപസ്സ് മുടക്കാൻ ഇന്ദ്രൻ മേനകയേ അയച്ചപ്പോൾ മോഹിതനായി അവൾക്ക് വശംവദനാകുകയും പിന്നീട് തെറ്റ് മനസ്സിലാക്കിയപ്പോൾ മേനകയേ ശപിക്കുകയും ചെയ്തയാളാണ് വിശ്വാമിത്രൻ. തുടക്കത്തിൽ സ്വന്തം അഹങ്കാരവും കോപവും കൊണ്ട് പലരെയും ശപിച്ചെങ്കിലും, പിന്നീട് കോപം ജയിക്കേണ്ട ഒന്നല്ല, മറിച്ച് നിയന്ത്രിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിനായി അദ്ദേഹം കാടുകളിൽ പോയി വർഷങ്ങളോളം കഠിനമായ തപസ്സനുഷ്ഠിച്ചു. പൂർണ്ണമായും കോപത്തെയും ഈഗോയെയും (അഹങ്കാരം) ജയിച്ചതിനു ശേഷമാണ് അദ്ദേഹം 'ബ്രഹ്മർഷി' എന്ന പദവിയിലേക്ക് ഉയർന്നത്. അഹങ്കാരം മനസ്സിൽ നിന്നും കളയാതെ ആർക്കും വിജയമുണ്ടാകില്ല. രാവണന്റെ പതനത്തിനു കാരണം അദ്ദേഹത്തിന്റെ കഴിവിലും അറിവിലുമുള്ള അഹങ്കാരമായിരുന്നു.
(തുടരും)
Read Part-1: https://www.emalayalee.com/vartha/375320