
ഇന്ന് കർക്കടകം പിറന്നു. (July 17, 2026) മഴ തള്ളിയിട്ടു വരുന്നു. പേമാരിയായി വരുന്നു. കാറ്റിനൊപ്പം നൃത്തം ചെയ്തു വരുന്നു. ചുറ്റുമുള്ള ജലാശയങ്ങളിലെല്ലാം വെള്ളം നിറയുന്നു. മുറ്റത്തെ കിണറിലും വെള്ളം നിറയുന്നു. തൊടിയിലാകെ ഹരിതവർണ്ണം. ഇനി തോരാമഴയുടെ കാലം. ഇടവപ്പാതി മുതൽ മഴയൊപ്പം ഉള്ളതുകൊണ്ട് കർക്കടകമാസ മഴ മലയാളികളെ ബുദ്ധിമുട്ടിക്കാറില്ല. എന്നാലും പ്രകൃതി അന്തർമുഖിയാകുന്നു ഈ സമയത്ത്. കൂടുതൽ സമയവും ഇരുണ്ടുനിൽക്കുന്ന പ്രകൃതി ഈ മാസത്തിന്റെ പ്രത്യേകതയാണ്.
കേരളത്തിലെ വിവിധ മാസങ്ങളെക്കുറിച്ച് പി ഭാസ്കരൻ മാഷ് എഴുതിയ ഒരു സിനിമ ഗാനം ഓർമ്മ വരുന്നു.
കാലമെന്ന കാരണവർക്ക്
കേരളത്തിൽ സംബന്ധം
കേരളത്തിൽ സംബന്ധത്തിൽ
കന്യകമാർ നാലാണ് ,,,
നാലാമത്തെ കന്യകയായിട്ടാണ് കർക്കടകത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. അതിങ്ങനെ...
കവിളത്ത് കണ്ണീരുള്ള കാലവർഷ പെണ്ണ്
കരിമുകിൽ മുടിയുള്ള കാലവർഷ പെണ്ണ്
മാനത്തെ കാവിൽ നിന്നും താളമേളം കേൾക്കുമ്പോൾ
കലിത്തുള്ളി നൃത്തം ചെയ്യും കർക്കടക പെണ്ണ് ...
ഒഴിവുള്ളപ്പോഴെല്ലാം മഴക്കാലത്ത് വീട്ടിനുള്ളിലെ മുറിയിൽ കഴിയുക എന്റെ കൗമാര-യൗവ്വനാരംഭ കാലത്ത് വിനോദമായിരുന്നു. മുറിക്കകത്തേക്ക് ജനൽ വഴി വരുന്ന തൂവാനം കുളിര് പകർന്നുകൊണ്ട് അവ്യക്തമായി കിന്നാരം പറയുന്ന അനുഭവമാണ് അപ്പോൾ ഉണ്ടാകുക. മുത്തശ്ശിയുടെ ശബ്ദം “ഉണ്ണി ജനൽ അടയ്ക്കു”. അത് കേട്ടഭാവം നടിക്കാതെ ആ കുളിരും കൊണ്ട് അനുഭൂതികളുടെ ലോകത്തേക്ക് പറക്കാൻ മനസ്സിന് മോഹം. അപ്പോൾ വിവിധഭാരതിയിലൂടെ കേൾക്കുന്ന ഹിന്ദി ഗാനങ്ങൾ ആപാതമധുരങ്ങളാണ്. ഗാനങ്ങളുടെ അർഥം പൂർണ്ണമായി അന്നറിയില്ലെങ്കിലും അതാസ്വദിക്കുക സുഖകരമായിരുന്നു. ഒരു പക്ഷെ കാലാവസ്ഥയുടെ ഭാവം നോക്കിയായിരിക്കും ഗാനങ്ങൾ അവർ പ്രക്ഷേപണം ചെയ്തിരുന്നത്.. അതിലൊന്നാണ്. “Arey haye haye yeh majboori, ye mausam aur ye doori" Mujhe pal pal hai tadpaye,Teri do takiya di naukari mein, mera लाखों ka sawan jaye", ഇതിന്റെ ഏകദേശ തർജ്ജിമ ഇങ്ങനെയാകാം. "ഈ കാലാവസ്ഥയും എന്റെ നിസ്സഹായതയും ഈ ദൂരവും, ഓരോ നിമിഷവും എനിക്ക് തീവ്രമായ വേദന തരുന്നു, നിന്റെ രണ്ടു പൈസയുടെ (നിസ്സാരമായ വേതനമുള്ള ജോലി) ജോലി ഇതേപോലെയുള്ള എന്റെ ലക്ഷം മനോഹര മഴക്കാല നിമിഷങ്ങളെ നഷ്ടപ്പെടുത്തുന്നു. അതുകേട്ട് ഞാനും കൂടെ പാടുന്നു, “ഹായ് രെ യെ മജബൂരി.” അവയെല്ലാം ജീവിതത്തിലെ സ്വർഗീയ നിമിഷങ്ങൾ. ന്യുയോർക്കിൽ തോരാതെ മഴ പെയ്യുമ്പോൾ പഴയകാല അനുഭവങ്ങൾ മനസ്സിൽ നിറയുന്നു. തുള്ളിക്കൊരുകുടം മഴ ഇവിടെയും പെയ്യുന്നു. ഒരു കർക്കടക പുലരി ഇവിടെയും പുലരുന്നു.
കൊല്ലവര്‍ഷത്തിലെ 12-മത്തെ മാസമാണ് കര്‍ക്കടകം ജ്യോതിശാസ്ത്രത്തിലെ നാലാമത്തെ രാശിയാണ് കർക്കടകം. വശങ്ങളിലേക്കു ചലിക്കുന്ന ഞണ്ടാണ് അടയാളം. ഞണ്ടിന് കട്ടിയുള്ള ഉപരിതലവും മൂർച്ചയേറിയതും ബലമുള്ളതുമായ കാലുകൾ ഉണ്ട്. അതുപയോഗിച്ച് മൃദുലതയുള്ള ഉൾവശം അത് സംരക്ഷിക്കുന്നു. ഞണ്ട് ഈ മാസത്തെ പ്രതീകമായി അടയാളപ്പെടുത്താൻ കാരണം, ഈ ജീവിയെപ്പോലെ തന്നെ, ഈ രാശിയിൽ ജനിച്ച വ്യക്തികളും അവരുടെ മനസ്സിന്റെ വൈകാരികതയെ സംരക്ഷിക്കാൻ ശക്തമായ ഒരു ബാഹ്യഷെൽ നിർമ്മിക്കുന്നതിന് പേരുകേട്ടവരാണ്.

ഞണ്ടു കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അമ്മഞണ്ടിന്റെ പുറംതോടിനുള്ളിൽ നിന്നും പുറത്തുവരുന്നത് അമ്മയെ തിന്നുകൊണ്ടാണെന്ന ഒരു പഴയ വിശ്വാസം പുരാതന സംസ്കൃത ഗ്രന്ഥങ്ങളിലും മഹാഭാരതത്തിലെ ചില ശ്ലോകങ്ങളിലും പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇത് അക്ഷരാർത്ഥത്തിൽ പ്രകൃതിയിലെ ഒരു ശാസ്ത്രീയ സത്യമല്ല. ഈ കഥയെ ചൊല്ലി മഹാപാപമായ മാതൃഹത്യ വരെ കർക്കടക മാസത്തിലെ രാമായണപാരായണത്തിലൂടെ പരിഹരിക്കപ്പെടുന്നുവെന്നു വിശ്വസിക്കുന്നു. പുരാണം എന്നാല്‍ നിത്യനൂതനം എന്നാണ് അര്‍ഥം..കാലം നീങ്ങിയാലും കഥയുടെ ആശയത്തിന് മാറ്റം വരികയില്ല.
ഈ മാസത്തിന്റെ പേര് 'കര്‍ക്കിടകം' എന്ന് തെറ്റായി ഉച്ചരിയ്ക്കുകയും പത്രങ്ങളും മാസികകളും അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. സംസ്കൃതത്തിലെ 'കർക്കട' (ഞണ്ട്) എന്ന വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്. ഞണ്ടിന്റെ ആകൃതിയിലുള്ള രാശിയാണ് കർക്കടകം. പഞ്ഞമാസം അഥവാ രാമായണമാസം എന്നും പറയുന്നു. സൂര്യൻ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. ജൂലൈ - ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമാണ് കർക്കടകം. ഉത്തരായനണകാലം ദേവന്മാർക്ക് പ്രാധാന്യമെങ്കിൽ ദക്ഷിണായന കാലം പിതൃക്കൾക്ക് നൽകുന്നു, ദക്ഷിണായനത്തിൽ സൂര്യൻ തെക്കോട്ട് സഞ്ചരിക്കുന്നു. ഈ കാലഘട്ടത്തിൽ പിതൃക്കൾക്ക് (മരിച്ചുപോയ പൂർവ്വികർക്ക്) ബലിതർപ്പണം നടത്തുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഈ മാസം വീടുകളിൽ രാമായണം വായിക്കുകയും പ്രാർത്ഥനകളിൽ മുഴുകുകയും ചെയ്യുന്നു. രാമായണമെഴുതിയ ശേഷം ഒരു കര്‍ക്കടകമാസത്തിലായിരുന്നു വാത്മീകി മഹർഷി സീതാ-രാമന്മാരുടെ പുത്രന്മാരായ ലവകുശന്മാരെ കൊണ്ട് അത് ആദ്യം പാടിച്ചത്. അതിന്റെ ഓർമ്മക്കായിട്ടായിരിക്കും കർക്കടക മാസം രാമായണപാരായണത്തിനായി നിശ്ചയിച്ചത്.
കര്‍ക്കടകം ഒന്നു മുതല്‍ ശ്രീഭഗവതി പൂജ വീടുകളില്‍ തുടങ്ങും ഇതിനെ ശീവോതിക്കു വയ്‌ക്കല്‍ എന്നറിയപ്പെടുന്നു . ഭഗവതിയെ വാല്‍ക്കണ്ണാടിയില്‍ സങ്കല്‍പ്പിച്ച് ദശപുഷ്‌പങ്ങളും തുളസിയും വച്ച് പൂജ നടത്തും. കണ്‍മഷി, ചാന്ത്, കുങ്കുമം, നെല്ല്, അരി, ചന്ദനം, അലക്കിയ വസ്‌ത്രം, വെറ്റില, അടക്ക എന്നിവയും വയ്‌ക്കും. ശ്രീഭഗവതിപൂജ സ്‌ത്രീകളുടെ അവകാശമാണ്. സ്‌ത്രീകള്‍ മുക്കുറ്റിച്ചാന്ത് അണിയും. കര്‍ക്കടകത്തിലെ മുപ്പെട്ട് വെള്ളിയാഴ്‌ച പത്തില ഉപ്പേരി കഴിക്കുന്ന ആചാരമുണ്ട്. താള്, തകര, ചേമ്പ്, ചേന, ചീര, പയര്‍, നെയ്യുണ്ണി, പുല്ല്, മത്തന്‍, കുമ്പളം, കരിക്കൊടി അല്ലെങ്കില്‍ തഴുതാമ എന്നീ പത്തിലകള്‍ കൊണ്ടുണ്ടാക്കുന്ന ഉപ്പേരി പേരു പറയാതെ കഴിക്കണമെന്നാണു ചൊല്ല്. ഹൈന്ദവ സ്‌ത്രീകള്‍ കയ്യില്‍ മൈലാഞ്ചി അണിയുന്ന ദിവസവും കൂടിയാണ് കര്‍ക്കടകത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച
കേരളത്തിലെ 4 ജില്ലകളിൽ നാലമ്പല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് തൃശൂർ , കോട്ടയം , മലപ്പുറം എന്നീ ജില്ലകളാണവ. ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. കര്‍ക്കടകമാസത്തിന്റെ പുണ്യനാളുകളിൽ ശ്രീരാമ-ലക്ഷ്മണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരിൽ പ്രശസ്തമായിട്ടുള്ളത്. നാലമ്പല ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ് . രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദര്‍ശനത്തെ കണക്കാക്കുന്നത്. മനസും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ സമൃദ്ധിയിലേക്ക് വരവേല്‍ക്കാനും കൂടിയാണ് രാമായണമാസത്തിൽ ല നാലമ്പല ദര്‍ശം നടത്തുന്നത്.
ഉത്തരായനം ദേവന്മാർക്ക് പകലും ദക്ഷിണായനം അവർക്ക് രാത്രിയുമാണ്. ദേവന്മാർക്ക് രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം. ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ, നല്ലെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിക്കണം. വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാൻ. ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍.
ആഷാഢമാസത്തിലെ (കർക്കടകം) പതിനൊന്നാം ദിവസം മുതൽ ചതുർമാസം ആരംഭിക്കുന്നു. വിശ്വാസങ്ങൾ പ്രകാരം ഏറെ പവിത്രതയുള്ള കാലമാണ് ചതുര്‍മാസം. മഹാവിഷ്ണു ഉള്‍പ്പെടെയുള്ള എല്ലാ ദേവഗണങ്ങളും നാല് മാസക്കാലം യോഗനിദ്രയിലേക്ക് പോകുന്ന കാലഘട്ടമാണ് ചതുര്‍മാസമായി കണക്കാക്കപ്പെടുന്നത്. ചതുർമാസങ്ങൾ - ശ്രാവണ,ഭദ്രപാദ, അശ്വിൻ, കാർത്തിക എന്നിവയാണ്. ഇവ മലയാളത്തിൽ ചിങ്ങം, കന്നി, തുലാം വൃശ്ചികം എന്നിങ്ങനെയാകുന്നു. ഹിന്ദുഗൃഹങ്ങളിൽ ഈ കാലഘട്ടത്തിൽ വ്രതങ്ങൾ അനുഷ്ഠിക്കുകയും, ഗുരുപൂർണിമ, ഗണേഷ് ചതുർഥി, ജന്മാഷ്ടമി, നവരാതി, ദീപാവലി തുടങ്ങിയ വിശേഷങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു,.
അഹോരാത്രം മഴപെയ്ത് തിമിർക്കുമ്പോൾ മനുഷ്യർ രോഗബാധിതരാകുന്നു. ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദം പലവിധ മരുന്നുകൾ നിർദേശിക്കുന്നുണ്ട്. അതിലൊന്നാണ് ഔഷധകഞ്ഞി. കർക്കടകമാസത്തിൽ ദശപുഷ്പങ്ങൾ ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണ് ഹൈന്ദവർക്കിടയിലെ വിശ്വാസം. കറുക,വിഷ്ണുക്രാന്തി, മുയൽചെവിയൻ, തിരുതാളി, ചെറുള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്തൽ, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. ധനുമാസത്തിലെ തിരുവാതിര ആഘോഷങ്ങളിലും സ്ത്രീകൾ ദശപുഷ്പം ചൂടുന്നു.
(കർക്കടകമാസ വിശേഷങ്ങൾ തുടരും)