
ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ' പ്രോജക്ട് മേഘാലയ ' എന്ന പേരിലുള്ള അട്ടിമറി ശ്രമം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി ചെന്നൈ പോലീസ് . ടിവികെ എംഎൽഎമാരെ കൈക്കൂലി നൽകി അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം. അന്വേഷണത്തിൻ്റെ ഭാഗമായി ചെന്നൈ പോലീസ് ഒരു മുതിർന്ന മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു പ്രാദേശിക വാർത്താ ചാനലിലെ മാധ്യമപ്രവർത്തകൻ കേസിലെ പ്രധാന പ്രതിയും തമ്മിൽ ആശയവിനിമയം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെത്തുടർന്ന് ജൂലൈ 15, 16 തീയതികളിൽ അദ്ദേഹത്തെ ചോദ്യം ചെയ്തതായി പോലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. 'പ്രോജക്ട് മേഘാലയ' എന്നറിയപ്പെടുന്ന ഗൂഢാലോചനയുമായി അവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാനാണ് പോലീസ് അന്വേഷണം.