
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണം ആരംഭിച്ചു. തറക്കല്ലിടൽ ചടങ്ങ് നടത്തി 142 ദിവസത്തിന് ശേഷമാണ് മേപ്പാടി കുന്നംപറ്റയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
ഫെബ്രുവരി 26നായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾ പങ്കെടുത്ത തറക്കല്ലിടൽ ചടങ്ങ്. അതിന് ശേഷം നിർമാണ പ്രവർത്തികളൊന്നും മുന്നോട്ട് പോയിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കോൺഗ്രസിനെതിരേ ഉയർന്നു വന്ന പ്രധാന വിമർശനങ്ങളിലൊന്നായിരുന്നു ഇത്. ഏറെ നാളായി വിമര്‍ശനങ്ങളും രാഷ്ട്രീയ പരിഹാസങ്ങളും ഏറ്റുവാങ്ങിയ പദ്ധതിയില്‍ ആഘോഷങ്ങളോ പൊതുചടങ്ങുകളോ ഇല്ലാതെയാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
കോൺഗ്രസ് നൂറുവീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ആദ്യഘട്ടത്തിൽ 18 വീടുകളാണ് നിർമിച്ചു നൽകുക. എന്നാൽ, ആർക്കൊക്കെയാണ് ആദ്യഘട്ട വീടുകളെന്നത് വ്യക്തമല്ല.
നിര്‍മാണം വൈകാന്‍ മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളാണ് കാരണമായതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്.