
രണ്ടു തവണ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിക്കയും ഒരു തവണ തോൽക്കുകയും ചെയ്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരിക്കൽ കൂടി യുഎസ് തിരഞ്ഞെടുപ്പ് സംവിധാനം ഉടച്ചു വാർക്കണമെന്ന വാദം ശക്തമാക്കി. വ്യാഴാഴ്ച്ച രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ, ചൈന യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നു തെളിയിക്കുന്ന ഇന്റലിജൻസ് രേഖകൾ പുറത്തു വിടുന്നുവെന്നു പ്രഖ്യാപിക്കയും ചെയ്തു.
റിപ്പബ്ലിക്കൻ ജനപ്രതിനിധികളിൽ നിന്നു തന്നെ വേണ്ടത്ര പിന്തുണ ലഭിക്കാത്ത സേവ് അമേരിക്ക ആക്ട് പാസാക്കി കിട്ടണം എന്നതാണ് ട്രംപിന്റെ ആവശ്യം. വോട്ട് ചെയ്യാൻ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം എന്നതുൾപ്പെടെയുള്ള കർശന നിയമങ്ങളാണ് അതിൽ കൊണ്ടു വരുന്നത്.
2020ൽ ജോ ബൈഡനോടു തോറ്റ തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്ന ആരോപണം ഒരു വിധത്തിലും തെളിഞ്ഞിലെങ്കിലും ട്രംപ് ഇപ്പോഴും അതൊരു കാർഡാക്കാൻ ശ്രമിക്കുന്നതിനെ ഡെമോക്രാറ്റുകൾ അപലപിച്ചു.
നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളി നേരിടുന്നതിനാൽ അതിനു മുൻപ് വോട്ടിംഗ് പരിഷ്കരണം കൊണ്ടുവരാനാണ് ട്രംപിന്റെ നീക്കം. ചൈനയ്ക്കും റഷ്യയ്ക്കും നോർത്ത് കൊറിയക്കും ഇറാനും യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന വാദത്തിൽ ഊന്നി അദ്ദേഹം പരിഷ്കരണത്തിനു സേവ് അമേരിക്ക ആക്ട് പാസാക്കണമെന്നു വാദിക്കുന്നു. "നീതിപൂർവമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത ഒരു രാജ്യത്തിനും മഹത്വം നടന്ന കഴിയില്ല," അദ്ദേഹം വ്യാഴാഴ്ച്ച പറഞ്ഞു.
തന്റെ ആദ്യ ഭരണകാലത്തു ചൈനീസ് ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങൾ സി ഐ എയ്ക്കു ലഭ്യമായിരുന്നു എന്നു പറയുന്ന ട്രംപ് എന്തുകൊണ്ട് അതു തടയാൻ കഴിഞ്ഞില്ല എന്ന ചോദ്യത്തിനു നൽകുന്ന ഉത്തരം ഉദ്യോഗസ്ഥർ അതു മറച്ചുവച്ചു എന്നാണ്. അതു കൊണ്ടാണ് 2020ലെ തോൽവി തടയാൻ കഴിയാഞ്ഞത്.
മറച്ചു വച്ചവരെ കുറിച്ച് അന്വേഷണം നടത്തണം എന്നു നിർദേശം നൽകിയതായി ട്രംപ് അറിയിച്ചു. ഡി എൻ ഐ, ഡി ഓ ജെ, എഫ് ബി ഐ, സി ഐ എ എന്നിവരൊക്കെ അന്വേഷിക്കും.
കള്ളക്കഥകളെന്നു ഡെമോക്രാറ്റുകൾ
തിരഞ്ഞെടുപ്പിൽ തോറ്റതിനു കള്ളക്കാരണങ്ങൾ കൊണ്ടുവരാൻ നോക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നു ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ കെൻ മാർട്ടിൻ പറഞ്ഞു. "പൊളിഞ്ഞു പോയ നുണകൾ വീണ്ടും എഴുന്നെള്ളിക്കുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു തന്നെ തട്ടിപ്പാണെന്നാണ് പ്രസിഡന്റ് പറയുന്നത്.
2020 തിരഞ്ഞെടുപ്പിൽ ചൈനയ്ക്കു സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്നു യുഎസ് ഇന്റലിജൻസ് ഉറച്ച വിശ്വാസത്തോടെ പ്രഖ്യാപിച്ചിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇടക്കാല തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള റിപ്പബ്ലിക്കൻ ശ്രമങ്ങളുടെ ഭാഗമാണിത്."
2024ൽ ട്രംപിനെതിരെ മത്സരിച്ച മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു: "2020ൽ ഒരു തട്ടിപ്പും നടന്നിട്ടില്ല. ഞങ്ങൾ ജയിച്ച തിരഞ്ഞെടുപ്പാണത്. അദ്ദേഹം തോറ്റതുമാണ്."
യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഏറെക്കാലമായി വിദേശ സർക്കാരുകൾ ശ്രമിക്കുന്നതാണെന്ന് റെപ്. ബെന്നി തോംപ്സൺ (ഡെമോക്രാറ്റ്-മിസിസിപ്പി) പറഞ്ഞു. എന്നാൽ ട്രംപ് പറയുന്ന ഇന്റലിജൻസ് കഥ അദ്ദേഹം തോറ്റ 2020ലേതു മാത്രമാണ്. അതിനു ഒരു തെളിവുമില്ല.
Trump digs up 2020 as he presses Save America Act