
തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭം ആരംഭിക്കാൻ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം വിവാദമായതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ടാറ്റാ ഗ്രൂപ്പ് മാത്രം 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും, വരും വർഷങ്ങളിൽ സമുദ്ര വ്യവസായ മേഖലയിലൂടെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ആ തുകയിലൂടെ സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഇത്തരമൊരു കപ്പൽ നിർമ്മാണ പദ്ധതി ടാറ്റയുടെ ആലോചനയിലില്ലെന്ന് ടാറ്റാ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത് . ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും വലിയ തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചു എന്ന് ഇതിനർത്ഥമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത മിഷൻ സമുദ്ര'യുടെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി മുൻപ് നടത്തിയ അഭിമുഖത്തിൽ പങ്കുവെച്ചതെന്നാണ് വിശദീകരണം. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്‌സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഈ പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു. കൊച്ചിൻ പോർട്ട് അതോറിറ്റി ഇതിനായി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആധുനികമായ ഒരു ഷിപ്പ് ബിൽഡിംഗ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ സർക്കാർ കാണുന്നത്.
മിഷൻ സമുദ്ര കേവലം ഒരു കപ്പൽ നിർമ്മാണ യൂണിറ്റിൽ ഒതുങ്ങുന്ന പദ്ധതിയല്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ദീർഘമായ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി , ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, ലോജിസ്റ്റിക്‌സ്, മാരിടൈം സേവനങ്ങൾ തുടങ്ങി അനുബന്ധ വ്യവസായങ്ങളെ ഏകോപിപ്പിച്ചുള്ള സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.
ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ ചർച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയിൽ സംസ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് അത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഔദ്യോഗികമായി നടത്തുമെന്നും, വിദേശ നിക്ഷേപകരെ ആകർഷിച്ച് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.