Image

എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് ശുദ്ധമായ പെട്രോൾ വാങ്ങി ഉപയോഗിക്കാം ; നിതിൻ ഗഡ്കരി

Published on 17 July, 2026
എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക്  ശുദ്ധമായ പെട്രോൾ വാങ്ങി ഉപയോഗിക്കാം ; നിതിൻ ഗഡ്കരി

വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർത്ത ‘ഇ20’ ഇന്ധനം ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് വിപണിയിൽനിന്ന് കൂടുതൽ വില നൽകി 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോൾ പമ്പുകളിൽ പ്രത്യേകമായി ഇ10 ഇന്ധന വിതരണ സംവിധാനം ഒരുക്കുക പ്രായോഗികമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യം ഇതിനകം തന്നെ 20 ശതമാനം എഥനോൾ മിശ്രിത പ്രക്രിയ കൈവരിക്കുകയും ‘ഇ20’ പെട്രോൾ രാജ്യവ്യാപകമായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എഥനോൾ കലരാത്ത ഇന്ധനം ആവശ്യമുള്ളവർക്ക് അത് ലഭ്യമാണെങ്കിലും ഉയർന്ന നിരക്ക് നൽകേണ്ടി വരും. പമ്പുകളിൽ ഒന്നിലധികം ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് പെട്രോളിയം മന്ത്രാലയമാണ്. അതേസമയം, ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ചില പമ്പുകളിൽ 85 ശതമാനം എഥനോൾ അടങ്ങിയ ‘ഇ85’ ഇന്ധനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നുണ്ടെന്നും ഇത്തരം വാഹനങ്ങൾ വിപണിയിലിറക്കാൻ പകുതിയോളം കമ്പനികൾ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഥനോൾ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ തനിക്ക് വ്യക്തിപരമായ താൽപര്യങ്ങളുണ്ടെന്ന ആരോപണങ്ങളെ മന്ത്രി തള്ളിപ്പറഞ്ഞു. എഥനോൾ മിശ്രിത പദ്ധതി പെട്ടെന്നുണ്ടായ ഒന്നല്ലെന്നും വാജ്‌പേയി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക