
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി കുടുംബം.
കേസ് അന്വേഷണം അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസിന്റേതെന്നും ആരോപിച്ച് നിതിൻ രാജിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ട് പരാതി നൽകി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ നിതിൻ രാജിന്റെ അമ്മ ലത പൊട്ടിക്കരഞ്ഞു. മകൻ മരിച്ചിട്ട് 95 ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നീതി ലഭിച്ചില്ലെന്ന് അമ്മ പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ അന്വേഷണം പൂർണ്ണമായി അട്ടിമറിക്കപ്പെട്ടതായി നിതിൻ രാജിന്റെ പിതാവ് രാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ നേരിട്ട് ബോധിപ്പിച്ചിട്ടുണ്ട്. മകന് നീതി കിട്ടുമെന്ന് തന്നെയാണ് വിശ്വാസം. ആഭ്യന്തരവകുപ്പുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ട്, രാജൻ വ്യക്തമാക്കി.
കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കുടുംബത്തിന്റെ നിവേദനത്തിന്മേൽ അടിയന്തര പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് സുപ്രീംകോടതി പോലും മുൻകൂർ ജാമ്യം നിഷേധിച്ചതാണ്. എന്നിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. തുടർനടപടികൾ ആലോചിച്ച ശേഷം കുടുംബത്തെ അറിയിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.