Image

ജോർദാനിലും ബഹ്‌റിനിലും കുവൈറ്റിലും യുഎസ് താവളങ്ങൾക്കുനേരെ ഇറാന്റെ മിസൈലാക്രമണം

Published on 15 July, 2026
ജോർദാനിലും ബഹ്‌റിനിലും കുവൈറ്റിലും യുഎസ് താവളങ്ങൾക്കുനേരെ ഇറാന്റെ മിസൈലാക്രമണം

ഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് ഉയർന്നതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളായ ജോർദാൻ, ബഹ്‌റിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം ശക്തമാകുന്നു. ഇരുകൂട്ടരും തമ്മിലുള്ള സമാധാന ചർച്ചകളുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ടാണ് പുതിയ സംഭവവികാസങ്ങൾ.

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബഹ്‌റിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പുതിയ നീക്കങ്ങൾ നടത്തിയത്.

ജോർദാൻ, ബഹ്‌റിൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ചൊവ്വാഴ്ച ആക്രമണം നടത്തിയതായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. ഇറാന്റെ തസ്നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ജോർദാനിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ പുതിയ തരം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. കുവൈറ്റിലും ഒട്ടനവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. കുവൈറ്റിലെ യുഎസ് ആർമി വെയർഹൗസിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം നടത്തുന്നതിന്റെ വീഡിയോയും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക