
വാഷിങ്ടൺ: ഒരാഴ്ചയ്ക്കിടെ രണ്ട് വാഹനപരിശോധനകൾക്കിടെ നടന്ന മാരക വെടിവെപ്പുകൾ വിവാദമായതിനെ തുടർന്ന്, രാജ്യവ്യാപകമായി കുടിയേറ്റ-കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജൻസിയായ ഐസിഇ (ICE) നടത്തുന്ന ഭൂരിഭാഗം വാഹനപരിശോധനകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ട്രംപ് ഭരണകൂടം നിർദേശം നൽകി .
കഴിഞ്ഞ ആഴ്ച ടെക്സസിലെ ഹൂസ്റ്റണിലും മെയ്ന്‍ സംസ്ഥാനത്തെ ബിഡ്ഡിഫോർഡിലുമായി ഐസിഇ ഉദ്യോഗസ്ഥർ നടത്തിയ വാഹനതടയൽ നടപടിക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളാണ് പുതിയ നിർദേശത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഹൂസ്റ്റണിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൽ യാത്രചെയ്തിരുന്ന മെക്സിക്കൻ പൗരൻ ലൊറൻസോ സാൽഗാഡോ അറൗഹോയാണ് വെടിയേറ്റ് മരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ താമസിച്ചിരുന്ന അദ്ദേഹം ഐസിഇയുടെ യഥാർഥ ലക്ഷ്യമിട്ടിരുന്ന വ്യക്തിയല്ലായിരുന്നുവെന്ന് പിന്നീട് ഫെഡറൽ അധികൃതർ സമ്മതിച്ചു.
മെയ്നിലെ ബിഡ്ഡിഫോർഡിൽ തിങ്കളാഴ്ച പുലർച്ചെ വാഹനത്തിലായിരുന്ന കൊളംബിയൻ പൗരൻ ജോൺ സെബാസ്റ്റ്യൻ ഗുറേറോയും ഐസിഇ വെടിവെപ്പിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തെയാണോ ഉദ്യോഗസ്ഥർ അന്വേഷിച്ചിരുന്നതെന്ന കാര്യത്തിൽ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണത്തിൽ വ്യക്തതയില്ല.
ഈ സംഭവങ്ങളെ തുടർന്ന് മെയ്നിൽ നിന്ന് വീണ്ടും മത്സരിക്കുന്ന റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ്, അടിയന്തര സാഹചര്യമല്ലാത്ത എല്ലാ വാഹനപരിശോധനകളും നിർത്തിവയ്ക്കണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി അറിയിച്ചു. സംഭവത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും അവർ പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം 2025 ജനുവരിയിൽ ആരംഭിച്ചതിന് ശേഷം കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ഐസിഇ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പുകളിൽ കുറഞ്ഞത് 22 പേർ ലക്ഷ്യമാക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ മൂന്ന് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മിക്ക സംഭവങ്ങളിലും വാഹനങ്ങളിലുണ്ടായിരുന്നവർക്കുനേരെയാണ് വെടിവെപ്പ് നടന്നത്.
അതേസമയം, വാഹനപരിശോധനകൾ നിർത്തിവയ്ക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ വൻതോതിലുള്ള നാടുകടത്തൽ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. അനധികൃത കുടിയേറ്റക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനുള്ള സമ്മർദത്തിനിടെയാണ് ഐസിഇ പുതിയ നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നത്.
ജനുവരിയിൽ മിന്നസോട്ടയിൽ നടന്ന സമാന നടപടിക്കിടെ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട തെളിവുകൾ മാസങ്ങളായുള്ള കാലതാമസത്തിന് ശേഷം യു.എസ്. നീതിന്യായ വകുപ്പ് സംസ്ഥാന അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതും സമീപകാലത്ത് വലിയ വിവാദമായിരുന്നു.