
വയനാട്: ചൂരൽമല ദുരന്തം ജീവിതത്തിൽ മായാത്ത മുറിവുകൾ സമ്മാനിച്ച ശ്രുതി പുതിയ ജീവിതത്തിലേക്ക് ചുവടുവയ്‌ക്കുന്നു. ദുരന്തങ്ങളും വേദനകളും അതിജീവിച്ച ശ്രുതിക്ക് ഇനി ജീവിത പങ്കാളിയായി സന്ദീപ് കൂടെയുണ്ടാകും. കഴിഞ്ഞ ദിവസം ലളിതമായ ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു.

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്‌ടമായത്. ആ ദുരന്തം സമ്മാനിച്ച ആഘാതത്തില്‍ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വിവാഹം നിശ്ചയിച്ചിരുന്ന ജെൻസൻ വാഹനാപകടത്തിൽ പൊലിഞ്ഞത്.

ഒന്നിന് പിന്നാലെ ഒന്നായി ജീവിതം നൽകിയ തിരിച്ചടികൾ ശ്രുതിയെ പൂർണമായും തളർത്തിയെങ്കിലും കേരളം മുഴുവൻ അവൾക്കൊപ്പം നിന്നു. ശ്രുതിയുടെ ജീവിതം തിരിച്ച് പിടിക്കാൻ സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി കൈത്താങ്ങായി. അതിനിടെയാണ് മാനന്തവാടി സ്വദേശിയും കലക്‌ടറേറ്റിലെ റവന്യൂ ജീവനക്കാരനുമായ സന്ദീപ് ജീവിതപങ്കാളിയായി എത്തുന്നത്.
നഷ്‌ടങ്ങളുടെയും കണ്ണീരിന്‍റെയും ജീവിതവഴികളിൽ നിന്ന് പ്രതീക്ഷയുടെ പുതിയ വഴിയിലേക്കുള്ള ശ്രുതിയുടെ ജീവിതത്തിന് ആശംസകളുമായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒപ്പമുണ്ട്.