Image

ലഹരി വാങ്ങാൻ വീട്ടുകാർ പണം നൽകിയില്ല; സ്വന്തം വീടിന് തീയിട്ട് യുവാവ്

Published on 14 July, 2026
ലഹരി വാങ്ങാൻ വീട്ടുകാർ പണം നൽകിയില്ല;  സ്വന്തം വീടിന് തീയിട്ട് യുവാവ്

കണ്ണൂർ: ലഹരിമരുന്ന് വാങ്ങാൻ വീട്ടുകാർ പണം നൽകാത്തതിൽ പ്രതിഷേധിച്ച് യുവാവ് സ്വന്തം വീടിന് തീയിട്ടു. കണ്ണൂർ ആയിക്കരയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആയിക്കര സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് ക്രൂരത കാട്ടിയത്. ഇയാൾ മാരകമായി ലഹരിക്ക് അടിമയാണെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.

ഭക്ഷണം കഴിക്കാനെന്ന വ്യാജേന വീട്ടിൽ നിന്ന് നിരന്തരം പണം വാങ്ങുന്നത് അഭിഷേകിന്റെ പതിവായിരുന്നു. പണം നൽകാൻ വിസമ്മതിച്ചാൽ സ്വന്തം അമ്മയെപ്പോലും ക്രൂരമായി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഇയാൾ ചെയ്യാറുള്ളതെന്ന് പിതാവ് പറയുന്നു. മുൻപും സമാനമായ രീതിയിൽ വീട്ടിൽ അതിക്രമം കാണിച്ചതിനെ തുടർന്ന് പോലീസ് ഇയാൾക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

 പണത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ അഭിഷേക് വീടിന്റെ മുകളിലത്തെ ഒരു മുറിക്ക് തീയിടുകയായിരുന്നു. നിമിഷങ്ങൾക്കകം മുകളിലത്തെ മുറിയിൽ നിന്ന് താഴത്തെ നിലയിലേക്കും തീ പടർന്നുപിടിച്ചു. അഭിഷേകിന്റെ നിരന്തരമുള്ള കൊലവിളിയും ഭീഷണിയും ഭയന്ന് ഇയാളുടെ അനിയൻ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ മറ്റൊരു വീട്ടിലാണ് താമസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക