Image

പരിശുദ്ധ പിതാവ് കേവലം ഒരു രാഷ്ട്ര തലവനല്ല, മറിച്ച് സാർവത്രിക സഭയുടെ ഇടയനാണ്

എഡിറ്റോറിയൽ, അന്ത്രെയാ തൊർണിയെല്ലി Published on 14 July, 2026
പരിശുദ്ധ പിതാവ് കേവലം ഒരു രാഷ്ട്ര തലവനല്ല, മറിച്ച് സാർവത്രിക സഭയുടെ ഇടയനാണ്

                                   പാപ്പാ ഒരു കുഞ്ഞിനെ ആശീർവദിക്കുന്നു

 

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ യുദ്ധത്തിന്റെ ദുരിതങ്ങൾ ഏറി വരുമ്പോൾ, പരിശുദ്ധ പിതാവിന്റെ സമാധാന ആഹ്വാനങ്ങളെ, കേവലം മറ്റേതു രാഷ്ട്ര തലവന്മാരുടേതു പോലെ കാണുന്ന ഒരു പ്രവണത ഇന്ന് ഏറി വരികയാണ്. തദവസരത്തിൽ, പാപ്പായുടെ സാർവത്രിക ഇടയ ദൗത്യത്തെക്കുറിച്ചും, ആത്മീയ പിതാവിനടുത്ത വാത്സല്യത്തെക്കുറിച്ചും, വത്തിക്കാൻ മാധ്യമ വിഭാഗം എഡിറ്റോറിയൽ തലവൻ, അന്ത്രെയാ തൊർണിയെല്ലിയുടെ മുഖപ്രസംഗം.

യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും, കുടിയേറ്റത്തെക്കുറിച്ചും അല്ലെങ്കിൽ നിർമ്മിത ബുദ്ധിയുടെ  കാലഘട്ടത്തിൽ എങ്ങനെ മനുഷ്യനായി നിലകൊള്ളാം എന്നതിനെക്കുറിച്ചും സംസാരിക്കുമ്പോഴും, പത്രോസിന്റെ പിൻഗാമി എല്ലാറ്റിനുമുപരിയായി ഒരു ആത്മീയ നേതാവായി തുടരുന്നു. "റോമൻ പ്രശ്നം" പരിഹരിച്ച 1929-ലെ ലാറ്ററൻ ഉടമ്പടികൾ വഴി റോമിന്റെ മെത്രാൻ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റെ - ഇറ്റാലിയൻ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള അര ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണ്ണമുള്ള രാജ്യത്തിന്റെ - പരമാധികാരി കൂടിയാണെന്ന വസ്തുത, മാനവികതയുടെ കാര്യങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ, അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായി പ്രവർത്തിക്കുന്നുവെന്നോ സംസാരിക്കുന്നുവെന്നോ അർത്ഥമാക്കുന്നില്ല.

1965 ഒക്ടോബർ 4-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പോൾ ആറാമൻ പാപ്പാ  ഇത് വ്യക്തമായി വിശദീകരിച്ചു: “നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഈ സമ്മേളനത്തിന് ഇരട്ട സ്വഭാവമുണ്ട്: ഇത് ഒരേ സമയം ലാളിത്യത്താലും മഹത്വത്താലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ലാളിത്യം കൊണ്ടുദ്ദേശിക്കുന്നത് നിങ്ങളോട് സംസാരിക്കുന്നത് നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ് എന്നതാണ്.

അദ്ദേഹം നിങ്ങളുടെ സഹോദരനാണ്, പരമാധികാര രാഷ്ട്രങ്ങളെ പ്രതിനിധീകരിക്കുന്ന നിങ്ങളിൽ ഏറ്റവും ചെറിയവരിൽ ഒരാൾ കൂടിയാണ്. കാരണം അദ്ദേഹം കൈവശം വച്ചിരിക്കുന്നത് - ഈ കാഴ്ചപ്പാടിലൂടെ നിങ്ങൾ ഞങ്ങളെ നോക്കുകയാണെങ്കിൽ - കേവലം ചെറുതും, പ്രായോഗികമായി പ്രതീകാത്മകവുമായ ഒരു ലൗകിക പരമാധികാരം മാത്രമാണ്: തന്റെ ആത്മീയ ദൗത്യം നിർവഹിക്കാനുള്ള സ്വാതന്ത്ര്യത്തിനും തന്നോട് ഇടപഴകുന്നവർക്ക് താൻ ഈ ലോകത്തിലെ ഒരു പരമാധികാരത്തിനും വിധേയനല്ലെന്ന് ഉറപ്പുനൽകുന്നതിനും ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതീകം മാത്രമാണിത്".

അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കവേ മാർപ്പാപ്പ തന്നെക്കുറിച്ച് ഇങ്ങനെ കൂട്ടിചേർത്തു: “അദ്ദേഹത്തിന് ലൗകികമായ അധികാരമില്ല, നിങ്ങളുമായി മത്സരത്തിലേർപ്പെടാൻ ആഗ്രഹവുമില്ല. വാസ്തവത്തിൽ, ഞങ്ങൾക്ക് ഒന്നും ചോദിക്കാനില്ല, ഉന്നയിക്കാൻ ചോദ്യങ്ങളുമില്ല; അങ്ങേയറ്റം ഒരു ആഗ്രഹം പ്രകടിപ്പിക്കാനും ഒരു അനുവാദം തേടാനും മാത്രം തുനിയുന്നു: നിസ്വാർത്ഥതയോടും വിനയത്തോടും സ്നേഹത്തോടും കൂടി ഞങ്ങളുടെ വൈദഗ്ധ്യമുള്ള മേഖലയിൽ നിങ്ങളെ സേവിക്കാൻ അനുവദിക്കുക.”

ക്രിസ്തുവിന്റെ പ്രതിപുരുഷന്റെ  സമ്പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്, റോമിലെ മെത്രാനും സാർവത്രിക സഭയുടെ ഇടയനും പരമാധികാരിയായിരിക്കുന്ന - അതായത് രാഷ്ട്രത്തലവനായിരിക്കുന്ന - ഒരു ചെറിയ ഭൂഭാഗം ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിക്കപ്പെട്ടു എന്നത് സത്യമാണ്. എന്നാൽ ഇത് മറ്റേതൊരു രാജ്യത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ കൃത്യമായി തിരിച്ചറിയുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ക്രമീകരണമായിരുന്നു, അല്ലാതെ ഒരു ഇരട്ട ദൗത്യത്തിന്റെ സ്ഥിരീകരണമായിരുന്നില്ല. അതിനാൽ, രാഷ്ട്രത്തലവൻ എന്ന നിലയിലുള്ള പാപ്പായുടെ പങ്കിനെ മഹത്വവൽക്കരിക്കുന്നതോ പെരുപ്പിച്ചു കാണിക്കുന്നതോ ആയ ഏതൊരു നീക്കവും തെറ്റിദ്ധരിപ്പിക്കുന്നതാണ്, കാരണം അത് അദ്ദേഹത്തിന്റെ ഏക സത്യദൗത്യമായ സാർവത്രിക ഇടയൻ എന്ന പദവിക്ക് മങ്ങലേൽപ്പിക്കുന്നു. 

കത്തോലിക്കരോടും ക്രിസ്ത്യാനികളോടും വിശ്വാസികളോടും സന്മനസ്സുള്ള എല്ലാ മനുഷ്യരോടും സുവിശേഷം പ്രഘോഷിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെ സംസാരിക്കുന്ന ഒരു ഇടയനാണദ്ദേഹം - സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും "ആയുധരഹിതവും,  ആയുധരഹിതമാക്കുന്നതുമായ" സമാധാനത്തിന്റെയും സന്ദേശമാണത്.

1962 ഒക്ടോബർ 10-ന്, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഉദ്ഘാടനത്തിന് തലേദിവസം കമ്പിദോല്യോയിൽ നടത്തിയ പ്രസംഗത്തിൽ അന്നത്തെ മിലാൻ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോവാന്നി  ബാത്തിസ്ത്ത മോന്തീനി ഇത് ഉചിതമായി ഊന്നിപ്പറഞ്ഞു. ആ പ്രസംഗത്തിൽ, ഭാവി പാപ്പാ, 1870-ൽ പേപ്പൽ സംസ്ഥാനങ്ങളുടെ തകർച്ചയോടെ സഭയുടെ ലൗകിക അധികാരം അവസാനിച്ചതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: " ആ സമയത്താണ്, പാപ്പായുടെ പദവി,  ജീവന്റെ അധ്യാപകൻ എന്ന നിലയിലും, സുവിശേഷത്തിന്റെ സാക്ഷി എന്ന നിലയിലുമുള്ള ധർമ്മങ്ങൾ അസാധാരണമായ വീര്യത്തോടെ പുനരാരംഭിച്ചത്, അങ്ങനെ മുമ്പൊരിക്കലുമില്ലാത്തവിധം സഭയുടെ ആത്മീയ ഭരണത്തിലും ലോകത്തിലെ ധാർമ്മിക സ്വാധീനത്തിലും അത് അത്യുന്നതങ്ങളിലെത്തി.”

മനുഷ്യജീവൻ അതിന്റെ അസ്തിത്വത്തിന്റെ എല്ലാ ഘട്ടങ്ങളിലും ബഹുമാനിക്കപ്പെടണമെന്നും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുമ്പോൾ; എല്ലാ ജനങ്ങളുടെയും നന്മ മുൻനിർത്തി സമാധാനത്തിനായി സംസാരിക്കുകയും - "നീതിയുക്തമായ യുദ്ധം" എന്ന സങ്കൽപ്പത്തിനപ്പുറം പോയിക്കൊണ്ട് - ഭ്രാന്തമായ ആയുധപ്പന്തയം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോൾ; സാമൂഹിക പ്രബോധനങ്ങളെ ആധാരമാക്കി ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും ആഹ്വാനം ചെയ്യുമ്പോൾ; കുടിയേറ്റക്കാരെ അവരുടെ മാനുഷിക അന്തസ്സ് മറക്കാതെ സ്വാഗതം ചെയ്യപ്പെടേണ്ട വ്യക്തികളായി കണക്കാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ; ദരിദ്രർ സുവിശേഷത്തിന്റെ ഹൃദയഭാഗത്താണെന്നും നാം കൂടുതൽ നീതിയുക്തവും തുല്യവുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കണമെന്നും നമ്മെ ഓർമ്മിപ്പിക്കുമ്പോൾ; മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പ്രതിരോധിക്കുമ്പോൾ; നമ്മുടെ മക്കൾക്കും പേരക്കുട്ടികൾക്കുമായി കൈമാറുന്നതിനായി സൃഷ്ടിയെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുമ്പോൾ - പത്രോസിന്റെ പിൻഗാമി ഒരു രാഷ്ട്രത്തലവനായല്ല സംസാരിക്കുന്നത്. അദ്ദേഹം കേവലം സുവിശേഷം പ്രഘോഷിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക