
ഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ പതാക വഹിച്ച രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാനിയൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഡൽഹിയിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡർ മുഹമ്മദ് ജവാദ് ഹൊസൈനിയെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തിയാണ് രാജ്യത്തിന്റെ ആശങ്കയും പ്രതിഷേധവും അറിയിച്ചത്.
ഒമാനി സമുദ്രാതിർത്തിയിലുള്ള ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽപ്പാതയിൽ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്.
യുഎഇ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം മിസൈലാക്രമണത്തെ തുടർന്ന് ഇരു ടാങ്കറുകൾക്കും വൻതോതിൽ തീപിടിച്ചു. അപകടത്തിൽപെട്ടവരിൽ ആകെ എട്ട് പേർക്കാണ് പരിക്കേറ്റത്. ഇതിൽ ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര നിയമങ്ങളുടെ ലജ്ജാകരമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ ഭരണകൂടം കുറ്റപ്പെടുത്തി. അതേസമയം, ഒമാനി കടലിടുക്കിന് സമീപമുള്ള “നിയമവിരുദ്ധ പാത” എന്ന് വിശേഷിപ്പിക്കുന്ന വഴിയിലൂടെ കപ്പലുകളുടെ ഗതാഗതത്തിന് അമേരിക്കൻ സൗകര്യമൊരുക്കുന്നുണ്ടെന്നും ഈ ജലാശയങ്ങളിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇറാനിയൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു.
സംഭവത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം അടിയന്തരമായി മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ “അങ്ങേയറ്റം ആശങ്കാജനക”മാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.