Image

യു.എസ്. ഫെഡറല്‍ റിസര്‍വ് ടാസ്‌ക് ഫോഴ്സുകളില്‍ രഘുറാം രാജനും രാജ് ചെട്ടിക്കും ആശാ ശര്‍മ്മയ്ക്കും നിയമനം

പി പി ചെറിയാന്‍ Published on 14 July, 2026
യു.എസ്. ഫെഡറല്‍ റിസര്‍വ് ടാസ്‌ക് ഫോഴ്സുകളില്‍ രഘുറാം രാജനും രാജ് ചെട്ടിക്കും ആശാ ശര്‍മ്മയ്ക്കും നിയമനം

വാഷിംഗ്ടണ്‍ : യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ ധനനയ രൂപീകരണവും ദീര്‍ഘകാല പരിഷ്‌കരണങ്ങളും അവലോകനം ചെയ്യുന്നതിനുള്ള നിര്‍ണായക ടാസ്‌ക് ഫോഴ്സുകളുടെ തലപ്പത്തേക്ക് പ്രമുഖ ഇന്ത്യന്‍ വംശജരെ നിയമിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, പ്രശസ്ത ഹാര്‍വാര്‍ഡ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് (Xbox) സി.ഇ.ഒ ആശാ ശര്‍മ്മ എന്നിവരെയാണ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് വിവിധ സമിതികളുടെ തലപ്പത്തേക്ക് തിരഞ്ഞെടുത്തത്.

കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച അഞ്ച് ടാസ്‌ക് ഫോഴ്സുകളുടെ വിവരങ്ങള്‍ ജൂലൈ 10-നാണ് ചെയര്‍മാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഫെഡറലിന്റെ ബാലന്‍സ് ഷീറ്റ് ഫ്രെയിംവര്‍ക്കിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതിനുള്ള 'ബാലന്‍സ് ഷീറ്റ് പോളിസി' ടാസ്‌ക് ഫോഴ്സിന്റെ കോ-ചെയര്‍മാനായാണ് രഘുറാം രാജനെ നിയമിച്ചിരിക്കുന്നത്. നിലവില്‍ ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ് അദ്ദേഹം.

സാമ്പത്തിക വ്യവസ്ഥയിലെ ലിക്വിഡിറ്റി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്ന 'ലിക്വിഡിറ്റി ഡിപെന്‍ഡന്‍സ്' ടാസ്‌ക് ഫോഴ്സിനെ രാജ് ചെട്ടി നയിക്കും. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് അദ്ദേഹം.

ഉല്‍പ്പാദനക്ഷമതയും തൊഴിലവസരങ്ങളും വിലയിരുത്തുന്ന 'പ്രൊഡക്ടിവിറ്റി ആന്‍ഡ് എംപ്ലോയ്‌മെന്റ്' ടാസ്‌ക് ഫോഴ്സിന്റെ കോ-ചെയര്‍മാനായാണ് മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് മേധാവിയായ ആശാ ശര്‍മ്മ നിയമിതയായത്.

ആഗോള സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമുള്ള യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ നയരൂപീകരണത്തില്‍ ഈ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക ലോകം വീക്ഷിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക