
അന്തരിച്ച പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയമിന്റെ യുഎസ് സെനറ്റിലെ ശേഷിച്ച കാലാവധി പൂർത്തിയാക്കാൻ അദ്ദേഹത്തിന്റെ സഹോദരി ഡാർലിൻ ഗ്രെയം നോർഡനെ (62) സൗത്ത് കരളിന ഗവർണർ ഹെൻറി മക്മാസ്റ്റർ നോമിനേറ്റ് ചെയ്തു.
ജനുവരി വരെ ആയിരുന്നു ഗ്രെയമിന്റെ കാലാവധി. നവംബർ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർഥി ആയിരുന്നു. പകരമൊരു സ്ഥാനാർഥിയെ പാർട്ടി തിരഞ്ഞെടുക്കും.
നോർഡൻ സ്ഥാനാർഥിയാവുമോ എന്നു വ്യക്തമല്ല. "ലിൻഡ്‌സെ ഇളയ സഹോദരിയോട് ഏറെ കരുതൽ കാട്ടിയിരുന്നു," ഗവർണർ പറഞ്ഞു. "അദ്ദേഹം ബാക്കി വച്ച ജോലി തീർക്കാൻ ആ സഹോദരിയോട് ആവശ്യപ്പെടാൻ എനിക്കു അഭിമാനമുണ്ട്."
ലിൻഡ്സെയെ ആദരിക്കാൻ ഈ ജോലി ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് നോർഡൻ പറഞ്ഞു. "അദ്ദേഹം അത് ആഗ്രഹിച്ചിരുന്നുവെന്നു ഞാൻ കരുതുന്നു."
നോർഡനെ നോമിനേറ്റ് ചെയ്യുന്നത് ഗ്രെയമിനു നൽകുന്ന വലിയൊരു ആദരവായിരിക്കുമെന്നു നേരത്തെ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. "ലിൻഡ്‌സെ അവരെ അത്യധികം സ്നേഹിച്ചിരുന്നു." ട്രംപിന്റെ ഉറ്റ സഹപ്രവർത്തകൻ ആയിരുന്നു ഗ്രെയം.
ട്രംപുമായി ചർച്ച ചെയ്ത ശേഷമാണു തീരുമാനം എടുത്തതെന്നു മക്മാസ്റ്റർ പറഞ്ഞു.
ഗ്രെയമിന് 22 വയസുള്ളപ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ടിരുന്നു. അന്നു 13 വയസ് മാത്രമുള്ള സഹോദരിയെ പിന്നീടു വളർത്തിയത് അവിവാഹിതനായി ജീവിച്ച അദ്ദേഹമാണ്.
രാഷ്ട്രീയ പശ്ചാത്തലം ഒന്നുമില്ലാത്ത നോർഡൻ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കു ജോലി കണ്ടെത്താൻ സഹായിക്കുന്നു.
Lindsey Graham's sister nominated to Senate