Image

കടല്‍ഡ്രോണുകള്‍ പ്രയോഗിച്ച് യുഎസ്; ഇറാന്റെ കപ്പല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തു; ഉപയോഗിച്ചത് 3 'കോര്‍സെയര്‍' ഡ്രോണുകള്‍

Published on 14 July, 2026
 കടല്‍ഡ്രോണുകള്‍ പ്രയോഗിച്ച് യുഎസ്; ഇറാന്റെ കപ്പല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തു; ഉപയോഗിച്ചത് 3 'കോര്‍സെയര്‍' ഡ്രോണുകള്‍

വാഷിങ്ടണ്‍: ഇറാനിലെ കപ്പല്‍ശാല പരിപാലനകേന്ദ്രം ആക്രമണത്തില്‍ തകര്‍ത്ത് യുഎസ് സൈന്യം. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ അന്തര്‍വാഹിനി, കപ്പല്‍ പരിപാലന കേന്ദ്രത്തിന് നേരെയാണ് അമേരിക്കന്‍ സൈന്യം കടല്‍ ഡ്രോണുകള്‍ഉപയോഗിച്ചത്.മൂന്ന് 'കോര്‍സെയര്‍'ഡ്രോണുകളാണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടല്‍പ്പരപ്പിലൂടെ സഞ്ചരിക്കുന്ന ആളില്ലാ വാഹനങ്ങളാണ് കോര്‍സെയര്‍ ഡ്രോണുകള്‍. ലക്ഷ്യസ്ഥാനത്ത് ചെന്ന് ഇടിച്ചുതകരുന്ന തരത്തിലുള്ള ഇത്തരം 'വണ്‍-വേ അറ്റാക്ക്' ഡ്രോണുകളെ ആദ്യമായാണ് അമേരിക്ക പ്രയോഗിക്കുന്നത്.

ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക ഇനി മുതല്‍ 'ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷകന്‍' എന്നറിയപ്പെടുമെന്നും ട്രംപ് അവകാശപ്പെട്ടു. ഈ മേഖലയില്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകളില്‍ നിന്നും 20 ശതമാനം തുക ഈടാക്കുമെന്നും ട്രംപ് അറിയിച്ചു.

ഹോര്‍മുസ് അടച്ചുവെന്ന ഇറാന്റെ പ്രഖ്യാപനത്തെയും ട്രംപ് തള്ളി. 'ഹോര്‍മുസ് തുറന്നിരിക്കുകയാണ്. അത് ഇനിയും തുറന്നിരിക്കും, ഇറാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും' -ട്രംപ് പറഞ്ഞു. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ നീക്കങ്ങള്‍ നടത്തുന്നത്.

ഖത്തര്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇറാനുമായുള്ള ഈ സംഘര്‍ഷത്തില്‍ ഇതിനകം 14 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ആക്രമണങ്ങള്‍ മേഖലയിലെ സമാധാനശ്രമങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക