
ഇറാന്റെ തുറമുഖങ്ങളിൽ വീണ്ടും ഉപരോധം നടപ്പാക്കിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുകയാണ്. അവിടെ 20% ചുങ്കം പിരിക്കയും ചെയ്യും.
"ഹോർമുസിൽ യുഎസ് കാവൽ മാലാഖ ആയിരിക്കും," കടലിടുക്കിന്റെ സുരക്ഷ സ്ഥിരമായി ഏറ്റെടുക്കുന്നു എന്ന അറിയിപ്പിൽ ട്രംപ് പറഞ്ഞു. സമാധാന ധാരണാ പത്രത്തിലെ വ്യവസ്ഥകൾ പാലിക്കാതെ ഹോർമുസിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഇറാൻ തടയുകയാണെന്നു അദ്ദേഹം ആരോപിച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് ഇ ടി നാലു മണിക്കു ഉപരോധം വീണ്ടും ആരംഭിച്ചെന്നു സെന്റ്‌കോം അറിയിച്ചു.
ഹോർമുസ് സുരക്ഷയുടെ പേരിൽ യുഎസ് പണം പിരിക്കുന്നതിൽ തെറ്റില്ലെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. "എന്നാൽ ഹോർമുസിന്റെ കാവൽക്കാർ ഇറാൻ തന്നെയാണ്. അത് എന്നും അങ്ങിനെ തന്നെ ആയിരിക്കയും ചെയ്യും.
വീണ്ടും ആക്രമണം, പ്രത്യാക്രമണം
തിങ്കളാഴ്ച്ച വീണ്ടും യുഎസ് ഇറാനിൽ ആക്രമണം നടത്തിയെന്നു ടെഹ്‌റാൻ അറിയിച്ചു. കിഷ് ഐലൻഡ്, ഖാഷേം ഐലൻഡ്, ബുഷെഹർ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ പൊട്ടിത്തെറി കേട്ടു.
തിരിച്ചടിയിൽ അമേരിക്കയുടെ ഒരു കപ്പൽ ആക്രമിച്ചെന്നു ഇറാൻ അവകാശപ്പെട്ടു. ബഹ്‌റൈനിൽ യുഎസ് ഫിഫ്‌ത് ഫ്‌ലീറ്റിനെ ആക്രമിച്ചെന്നു വിപ്ലവ സേന ഐ ആർ ജി സി അവകാശപ്പെട്ടു.
ആക്രമണത്തിൽ ഇന്ധന ഡിപ്പോകൾ കത്തി. പേട്രിയറ്റ് റഡാർ തകർന്നു. "തിരിച്ചടി തുടരും."
ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
യു എ ഇയുടെ എണ്ണക്കപ്പലുകൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയെന്നു അബുദാബി അറിയിച്ചു. മോംബാസ കപ്പലിനു നേരെ ഉണ്ടായ ക്രൂസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനായ ഒരു കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. നാലു ഇന്ത്യക്കാർക്കും രണ്ടു യുക്രൈൻകാർക്കും പരുക്കേറ്റു.
മോംബാസ, ബാഹിയ എന്നീ കപ്പലുകൾക്കു തീ പിടിച്ചെന്നു യു എ ഇ പ്രതിരോധ വകുപ്പ് വെളിപ്പെടുത്തി.
Trump says US will take over Hormuz, collect toll