Image

മെയ്‌നിൽ ഐസ് വെടിവച്ചു കൊന്നയാൾ ഇല്ലീഗൽ ആയിരുന്നില്ലെന്നു ഡി എച് എസ് മേധാവി; ഐസിന്റെ വാദങ്ങൾക്കു പിൻബലമില്ല (പിപിഎം)

Published on 14 July, 2026
മെയ്‌നിൽ ഐസ് വെടിവച്ചു കൊന്നയാൾ ഇല്ലീഗൽ ആയിരുന്നില്ലെന്നു ഡി എച് എസ് മേധാവി; ഐസിന്റെ വാദങ്ങൾക്കു പിൻബലമില്ല (പിപിഎം)

മെയ്‌നിലെ ബിഡ്‌ഫോർഡിൽ തിങ്കളാഴ്ച്ച കൊളംബിയൻ വംശജനെ ഐസ് ഏജന്റുമാർ വെടിവച്ചു കൊന്നത് അയാൾ അവരെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതു കൊണ്ടാണെന്നു അധികൃതർ വിശദീകരിച്ചു. എന്നാൽ അതിനു തെളിവൊന്നും നൽകിയിട്ടില്ല. 

ഇല്ലീഗലായ ഒരാളെ അറസ്റ്റ് ചെയ്യാൻ എത്തിയതായിരുന്നു ഐസ് എന്നു വിശദീകരിക്കുമ്പോഴും മരിച്ചയാൾ ആയിരുന്നില്ല അവർക്കു വേണ്ടതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്)  സമ്മതിക്കുന്നുമുണ്ട്.

പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളിൽ കാണുന്നത് പരുക്കേറ്റു ചോരയിൽ കുളിച്ച അയാളെ ഏജന്റുമാർ കാറിൽ നിന്നു വലിച്ചു പുറത്തിട്ടു വലിച്ചിഴയ്ക്കുന്നതാണ്. താഴെ വീഴുമ്പോൾ അയാളെ വിലങ്ങു വയ്ക്കുന്നതും കാണാം.

തീരനഗരമായ ബിഡ്‌ഫോർഡിൽ കാറോടിച്ചു വന്ന ഒരാളെ ഐസ് ഏജന്റ് വെടിവച്ചു കൊന്നു എന്നാണ് ഡി എച് എസ് അറിയിപ്പിൽ പറയുന്നത്. അനധികൃത കുടിയേറ്റക്കാരനെ അന്വേഷിച്ചു ചെന്നതാണ് ഐസ് എന്ന വിശദീകരണം ഉണ്ടെങ്കിലും കൊല്ലപ്പെട്ടയാൾ തന്നെയാണോ അതെന്നു അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

സെനറ്ററോടു സത്യം പറഞ്ഞു

മരിച്ചയാളുടെ പേര് ജൊവാൻ സെബാസ്റ്റ്യൻ ഗുവേറേറോ എന്നാണെന്നു  മെയ്ൻ സെനറ്റർ ആംഗസ് കിംഗിന്റെ വക്താവ് മാത്യു ഫെലിങ് പറഞ്ഞു. ഡി എച് എസ് സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിൻ ആദ്യം കിംഗിനോടു പറഞ്ഞത് നാടുകടത്തലിനു അറസ്റ്റ് വാറന്റുള്ള ആളായിരുന്നു ഗുവേറേറോ എന്നാണ്. പക്ഷെ മണിക്കൂറുകൾക്കു ശേഷം മുള്ളിൻ കിംഗിനെ വിളിച്ചു അതു തിരുത്തി. "അവർ അന്വേഷിച്ച ആളെയല്ല അവർ വെടിവച്ചത്" എന്നായിരുന്നു തിരുത്ത്.

ഗുവേറേറോയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയോടും കുട്ടിയോടും മുട്ട് കുത്തി നിൽക്കാൻ ഐസ് ഏജന്റുമാർ ആവശ്യപ്പെട്ടെന്നു സമീപവാസികളായ ദൃക്‌സാക്ഷികൾ പറഞ്ഞു.

ഗുവേറേറോ ഞങ്ങളിൽ ഒരാൾ

പോർട്ട്ലാൻഡിലെ പ്രെസെന്റെ എന്ന സഹായ സംഘടന പറയുന്നത് ഗുവേറേറോയ്ക്കു യുഎസിൽ ജോലി ചെയ്യാൻ അനുമതിയും സോഷ്യൽ സെക്യൂരിറ്റി നമ്പറും  ഉണ്ടായിരുന്നുവെന്നും എന്നാണ്. മെയ്ൻ ഇമിഗ്രന്റ് റൈറ്സ് കൊയാലിഷനുമൊത്തു നൽകിയ പ്രസ്താവനയിൽ അവർ പറഞ്ഞു: "അദ്ദേഹം ഞങ്ങളുടെ സമൂഹത്തിൽ ഒരാൾ ആയിരുന്നു. അയൽക്കാരൻ, നല്ലൊരു മനുഷ്യൻ."  

ഗുവേറേറോയുടെ കുടുംബത്തിനു വേണ്ട സഹായം നൽകുന്നുണ്ടെന്നു കൊളംബിയൻ എംബസി പറഞ്ഞു. ദുഖകരമായ ഈ മരണത്തിനു കാരണമായ സാഹചര്യങ്ങൾ വിശദീകരിക്കണം എന്നു ഡി എച് എസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.  

മുള്ളിൻ പറഞ്ഞതിനു വിരുദ്ധം

സോഷ്യൽ മീഡിയയിൽ കാണുന്ന ദൃശ്യങ്ങളിൽ ബിഡ്‌ഫോർഡിലെ ഒരു പാർപ്പിട മേഖലയിൽ ചില്ലു തുളച്ചു വെടിയുണ്ട കയറിയ കാറിനു സമീപം കിടക്കുന്ന മൃതദേഹത്തിനു ചുറ്റും ഐസ് ഏജന്റുമാർ എത്തുന്നത് കാണാം. 

ഡി എച് എസ് പ്രസ്താവനയിൽ കാറിൽ ഇരിക്കെയാണ് ഗുവേറേറോയെ വെടിവച്ചതെന്നു വ്യക്തമാണ്. എന്നാൽ ഇല്ലീഗലായ അയാൾ കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാത്തതു കൊണ്ടാണ് വെടിവച്ചതെന്നു അവർ വിശദീകരിച്ചു. സെനറ്ററോട് മുള്ളിൻ പറഞ്ഞതിനു വിരുദ്ധമാണിത്.

വെടിയേറ്റതു കൊണ്ടാണ് ഗുവേറേറോ മരിച്ചതെന്ന് ഡി എച് എസ് പ്രസ്താവനയിൽ സമ്മതിച്ചു. എന്നാൽ ഏജന്റുമാരെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചു എന്ന ആരോപണം അവർ ചില സെനറ്റർമാരുടെ മുന്നിൽ ഉന്നയിച്ചു. പക്ഷെ അതിനു തെളിവ് നൽകിയിട്ടില്ല.

മെയ്ൻ ഗവർണറും ബിഡ്‌ഫോർഡ് മേയറും വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ചു അനധികൃത കൂടിയേറ്റക്കാരെ കണ്ടെത്താനുള്ള വേട്ട ആരംഭിച്ച ശേഷം ഐസ് 20 പേർക്കെതിരെ വെടിവച്ചിട്ടുണ്ട്. മിനിയപോളിസ് നഗരത്തിൽ രണ്ടു യുഎസ് പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്തു.

പല കേസുകളിലും അധികൃതർ നൽകിയ വിവരങ്ങൾ നുണ ആയിരുന്നുവെന്നു ദൃശ്യങ്ങൾ തെളിയിച്ചു. മെയ്‌നിലെ വെടിവയ്‌പ്‌ സംബന്ധിച്ചു നൽകിയ വിവരങ്ങളും പരസ്പര വിരുദ്ധവും അവ്യക്തവുമാണ്. 
ബിഡ്‌ഫോർഡിൽ വെടിവയ്‌പ്‌ നടന്ന ഇടത്തു ഐസിനെതിരെ പ്ലക്കാർഡുകൾ ഏന്തി ഏതാനും പേർ എത്തി.

ICE agents fatally shoot Colombian national in Maine 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക