
കൊച്ചി : അര്‍ബുദത്തിനുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയും ദൗര്‍ലഭ്യവും പരിഹരിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തേടി സ്തനാര്‍ബുദ രോഗി 2022ല്‍ നല്‍കിയ ഹര്‍ജി പരിഗണനക്ക് വന്നത് 57 തവണ. പക്ഷെ, രോഗി മരിച്ചിട്ടും വിധി വന്നില്ല. ഹര്‍ജിയില്‍ അടിയന്തരമായി അന്തിമ വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
ബാങ്ക് ജീവനക്കാരിയായിരുന്ന സ്തനാര്‍ബുദ രോഗി 2022-ലാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, നിയമപോരാട്ടത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ അവര്‍ അര്‍ബുദത്തിന് കീഴടങ്ങി. തുടര്‍ന്ന്, വിഷയം വലിയ പൊതുജന താത്പര്യമുള്ളതാണെന്ന് വിലയിരുത്തി ഹൈക്കോടതി സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു. 2023 ജനുവരി 21-ന് ശേഷം ഈ റിട്ട് ഹര്‍ജി അന്തിമ വാദത്തിനായി മാത്രം 57 തവണ ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഒന്നുപോലും പൂര്‍ണമായി കേള്‍ക്കുകയുണ്ടായില്ല. കേസ് ഇതുവരെ എട്ട് വ്യത്യസ്ത ജഡ്ജിമാരുടെ മുന്നിലായി 58 തവണ പോസ്റ്റിംഗിന് വരികയും 40 തവണ മാറ്റിവെക്കുകയും ചെയ്തു.
ഈ കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. വിലകൂടിയ മരുന്നുകള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത രോഗികള്‍ക്കായി ഇന്ത്യയില്‍ ബദല്‍ മാര്‍ഗങ്ങള്‍ ലഭ്യമാണോ എന്നും നിര്‍ബന്ധിത ലൈസന്‍സിങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നും കോടതി ആരാഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കക്ഷികളുടെയും വാദങ്ങള്‍ പൂര്‍ത്തിയായിട്ടും അന്തിമമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.