Image

സുകുമാരക്കുറുപ്പിനെ നാടുവിടാന്‍ സഹായിച്ചത് കോണ്‍ഗ്രസ് നേതാവ്; കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കി വിട്ടെന്ന് ടാക്‌സി ഡ്രൈവര്‍

Published on 13 July, 2026
സുകുമാരക്കുറുപ്പിനെ നാടുവിടാന്‍ സഹായിച്ചത് കോണ്‍ഗ്രസ് നേതാവ്; കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കി വിട്ടെന്ന്  ടാക്‌സി ഡ്രൈവര്‍

കൊല്ലം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് വെളിപ്പെടുത്തല്‍. കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പ് നാടുവിട്ടത് തന്റെ കാറിലാണെന്നും ടാക്‌സി ഡ്രൈവര്‍ ശിവദാസന്‍ പറഞ്ഞു. സുകുമാരക്കുറുപ്പിനെ കാറില്‍ കയറ്റിയത് കായംകുളത്തെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നാണെന്നും ശിവദാസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് വിളിച്ച് ഏഴുമണിക്ക് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേരെ കൊണ്ടുവിടാന്‍ ചെല്ലണമെന്ന് പറഞ്ഞു. മാവേലിക്കരയില്‍ വിടണമെന്നാണ് ആദ്യം പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ കൊല്ലം വരെ കൊണ്ടു വിടണമെന്ന് ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷന്റെ മുമ്പില്‍ വെച്ച് അങ്ങോട്ട് കയറേണ്ട, വെളിയില്‍ നിര്‍ത്തിയാല്‍ മതിയെന്ന് പറഞ്ഞു. അന്നത്തെ റേറ്റ് അനുസരിച്ച് 150 രൂപയും തന്നുവെന്ന് ശിവദാസന്‍ പറയുന്നു.

പൈസ തന്നശേഷം അവര്‍ ഇറങ്ങിപ്പോയി. അപ്പോള്‍ ഇവരെ അറിയില്ലായിരുന്നു. പിന്നീട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍, ഫോട്ടോ കാണിച്ചിട്ട് ഈ ആളായിരുന്നോ എന്നു ചോദിച്ചു. ഇതു സുകുമാരക്കുറുപ്പ് ആണെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് അറിയുന്നത്. സുകുമാരക്കുറുപ്പും ഡ്രൈവര്‍ പൊന്നപ്പനുമാണ് കാറില്‍ കയറിയത് എന്നും ശിവദാസന്‍ വ്യക്തമാക്കി.

ഓട്ടം പോകാന്‍ വിളിച്ചത് കായംകുളത്തെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. പുള്ളിയുടെ വീട്ടില്‍ നിന്ന് ഒരു ഓട്ടത്തിന് വിളിക്കുമ്പോള്‍ ആരാ എന്താ എന്ന് തിരക്കേണ്ട കാര്യമില്ലല്ലോ. അങ്ങനെ ഇവരെ കൊണ്ടു വിടുകയായിരുന്നുവെന്നും ടാക്‌സി ഡ്രൈവര്‍ ശിവദാസന്‍ വ്യക്തമാക്കി. സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ നഴ്‌സ് രത്‌നമ്മയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ മുറിവിന് ചികിത്സ തേടി സുകുമാരക്കുറുപ്പ് എത്തിയിരുന്നു എന്നാണ് രത്‌നമ്മ വെളിപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക