
കൊച്ചി: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് തിരുവനന്തപുരത്തിന് നാണക്കേടും ഭരണസമതിക്ക് അപമാനവുമെന്ന് കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. വിയ്യൂർ ജയിലിൽ വെച്ച് സുഗതന് സത്യപ്രതിജ്ഞ ചെയ്യാമെന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നാലെയാണ് ശബരീനാഥൻ്റെ പ്രതികരണം.
വാഴോട്ടുകോണം കൗൺസിലർ സുഗതൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലിൽ നടത്തണം എന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ശബരിനാഥ് പറഞ്ഞു . സുഗതനെതിരെയുള്ള 'കാപ്പാ' കേസ് കോടതി വളരെ പ്രാധാന്യത്തോടെ കാണുന്നു എന്നതാണ് ഈ ഉത്തരവിൻ്റെ പൊരുൾ. പക്ഷേ ഒരു ജനപ്രതിനിധി,അതാരായാലും ഏത് സാഹചര്യമായാലും സത്യപ്രതിജ്ഞ ചെയ്യണം എന്നുള്ളത് ജനങ്ങളുടെ അവകാശമായത് കൊണ്ട് മാത്രമാണ് കോടതി സുഗതന് ഇന്ന് അനുമതി നൽകിയത്. ഇല്ലെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു എന്നാണ് എൻ്റെ വിശ്വാസം.
ഒന്ന് കൂടി പറയട്ടെ സുഗതൻ്റെ അയോഗ്യതയുമായി ഈ കേസിന് ബന്ധമില്ല, അത് വരും ദിവസങ്ങളിൽ കൗൺസിൽ കൂടുമ്പോൾ നിയമപരമായി തന്നെ ചർച്ചചെയ്യും. എന്തായാലും ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ 'കാലുകുത്താൻ' കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്, ഭരണസമതിക്ക് അപമാനമാണെന്ന് ശബരീനാഥ് പറഞ്ഞു.
നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കാപ്പാ കേസിൽ തടവിൽ കഴിയുകയാണ് സുഗതൻ. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതിയിടെ ഉത്തരവ്. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു.
അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കേരള രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.