
രാജീവൻ ഓഫീസിൽ ചെല്ലുമ്പോൾ ആരും വന്നിരുന്നില്ല. രാജീവൻ നേരെ തൻറെ ഓഫീസിലേക്കു ചെന്ന് തലേ ദിവസം ചെയ്തതിൻറെ ബാക്കി ജോലികളിൽ മുഴുകാൻ ശ്രമിച്ചു. പക്ഷെ അയാൾക്കതിനു കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൻറെ കുടുംബത്തിൽ സംഭവിക്കുന്നതെല്ലാം ഒന്നൊന്നായി അയാളുടെ തലച്ചോറിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു. പിന്നെ അന്ന് രാവിലെ എബി പറഞ്ഞ കാര്യങ്ങളും.
അയാൾ സീറ്റിൽ കണ്ണടച്ച് ചാരിക്കിടന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഉറക്കക്ഷീണം കൊണ്ടാവണം അയാൾ ഒന്ന് മയങ്ങി. രാജീവൻ ക്യാബിനിൽ ഉള്ളത് മറ്റാരും അറിഞ്ഞതുമില്ല. വനജയുടെ അപകട വിവരം അതിനോടകം ഓഫിസിൽ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് അയാൾ അന്ന് ഓഫീസിലേക്കു വരുമെന്ന് പോലും ആരും പ്രതീക്ഷിച്ചുമില്ല.
കുറെയേറെ നേരം കഴിഞ്ഞാവണം, ഓഫിസിലെ പ്രവർത്തി ദിവസത്തിൻറെ ശബ്ദങ്ങൾ കാതിൽ വീണു തുടങ്ങിയപ്പോളായിരിക്കും അയാൾ ഞെട്ടി ഉണർന്നു. രാജീവൻ സീറ്റിൽ നിന്നും എഴുന്നേറ്റു. ഒരു കപ്പ് കാപ്പി എടുക്കാം എന്ന് കരുതി സ്റ്റാഫ് ലൗഞ്ചിലേക്കു നടക്കുമ്പോഴാണ് രാജുവിൻറെ ക്യാബിനിൽ നിന്നും ഉള്ള സംഭാഷണ ശകലങ്ങൾ അയാളുടെ കാതിൽ വീണത്.
'വനജ' എന്ന പേര് കേട്ടപ്പോൾ രാജീവൻ ആദ്യം ഓർത്തത് വനജയുടെ അപകടത്തെപ്പറ്റി രാജു ആരോടോ പറയുകയായിരിക്കും എന്നാണ്. പക്ഷേ, അടുത്ത് കേട്ട വാക്കുകൾ അയാളെ ഞെട്ടിച്ചു കളഞ്ഞു. അയാൾ അവിടെ നിന്ന് അത് ശ്രദ്ധിക്കാൻ തുടങ്ങി.
‘അപ്പോൾ വനജ ഇനി ഡിറക്ടർ ബോർഡിൽ ഉണ്ടാവില്ല എന്നാണോ?...' രാജുവിൻറെ ശബ്ദം.
'അതെ. പുതിയ ഡിറക്ടർ ബോർഡ് തെരെഞ്ഞെടുപ്പ് ഈ പ്രാവശ്യം നടത്തണം. അതു അജണ്ടയിൽ ഉൾപ്പെടുത്തുന്ന കാര്യം നിങ്ങൾ ഏറ്റേ പറ്റൂ.' അതാരുടെ ശബ്ദമാണെന്നു രാജീവന് മനസിലായില്ല. എന്താണ് അവിടെ നടക്കുന്നത്? രാജു ആരോടാണ് സംസാരിക്കുന്നത്? രാജുവിനെക്കൂടാതെ ആരൊക്കെയാണ് അവിടെയുള്ളത്?
'ഏയ്. അത് നടപ്പില്ല. ഡിറക്ടർ ബോർഡിൻറെ കാലാവധി കഴിഞ്ഞിട്ടില്ല.…' രാജുവിൻറെ ശബ്ദം.
' അതറിയാം. അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത്. നിങ്ങൾ സഹായിക്കണം. ആ ഐറ്റം അജണ്ടയിൽ ഉൾപ്പെടുത്താൻ...'
'പറ്റില്ല. എനിക്ക് പറ്റില്ല'
' സഹായിക്കാൻ കഴിയില്ലെങ്കിൽ വേണ്ട. ഒരു കാര്യം ഞാൻ പറയാം: ഇനിയുള്ള ഒരു മീറ്റിംഗിലും അവർ ഉണ്ടാവില്ല'. ഉറച്ചതായിരുന്നു ആ ശബ്ദം. അത് വത്സയുടെ ഭർത്താവു സോമൻറെതാണ് എന്ന് തിരിച്ചറിയാൻ രാജീവന് ഒട്ടും പ്രയാസം ഉണ്ടായില്ല.
'എന്ന് മാത്രമല്ല, ട്രസ്ററ് മി, കുറെയേറെ ഷെയറുകൾ ഉടനെ കൈമാറ്റം ചെയ്യുകയും ചെയ്യും. പിന്നെ പുതിയ ബോർഡ് ആയിരിക്കും കമ്പനി നടത്തുന്നത്. പുതിയ ആളുകൾ കാര്യങ്ങൾ ഇങ്ങനെ ആവില്ല നടത്തുന്നത്.' സോമൻറെ ശബ്ദത്തിന് ഒരു ഭീഷണിയുടെ ചുവയുണ്ടെന്ന് രാജീവന് തോന്നി.
'വാട്?' രാജീവൻ ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു അത്.
തനിക്കെതിരേ , അല്ല, മാനേജ്മെന്റിനെതിരേ ഇങ്ങനെ ഒരു ഉപജാപം? സോമനാണോ ഇതിൻറെ നേതാവ്? അയാൾക്ക് എങ്ങനെ ഇതിനു കഴിയുന്നു, ആരാണ് അയാൾക്ക് ഇതിനു വേണ്ടുന്ന പിൻബലം നൽകുന്നത് ? രാജുവും ചേർന്നുകൊണ്ടാണോ ഈ നീക്കങ്ങൾ? രാജുവിൻറെ പങ്കെന്താണ്? ഒന്നുമില്ലെങ്കിൽ അവർ അയാളോട് സഹായം അഭ്യർത്ഥിക്കാൻ ധൈര്യപ്പെടുമോ?
രാജീവൻ സ്തബ്ധനായി നിന്നു പോയി കുറച്ചു നേരത്തേക്ക്.
സോമൻ കമ്പനിയിൽ ജോലിക്കു ചേർന്നിട്ടു അധിക കാലം ആയിട്ടില്ല. കമ്പനിയുടെ നടത്തിപ്പിൽ യാതൊരു പങ്കാളിത്തവും കൊടുത്തിട്ടുമില്ല. കമ്പനിയുടെ ഷെയറുകൾ സിംഹഭാഗവും രാജീവൻറെ കുടുംബാംഗങ്ങളുടെ പേരിൽ തന്നെ ആയിരുന്നു. കുറച്ചു ഷെയറുകൾ പുറത്തുള്ളത് സ്ഥാപനം ആരംഭിച്ചപ്പോൾ മുതൽ ഇവിടെ ജോലി ചെയ്തു പിരിഞ്ഞ കുറച്ചുപേരുടെ പേരിലാണ്. പപ്പയോടൊപ്പം ഈ സ്ഥാപനം വളർത്താൻ അധ്വാനിച്ചവർ. കാലാകാലങ്ങളിലായി തിരഞ്ഞെടുക്കുന്ന ഡിറക്ടർ ബോർഡിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കാൻ വേണ്ടി പപ്പാ നൽകിയത്.
അപ്പോൾ , സോമൻ പറഞ്ഞത് ആരുടെ ഷെയറുകളെക്കുറിച്ചാണ്?
വാതിൽ തള്ളിത്തുറന്നു അകത്തേക്ക് ചെന്ന് അവിടെ ഉള്ളത് ആരൊക്കെയാണെന്നും, അവർക്കു പറയാനുള്ളത് എന്താണെന്നുo ചോദിക്കണമെന്ന് രാജീവന് തോന്നി. പക്ഷേ, അയാൾ സ്വയം നിയന്ത്രിച്ചു. അങ്ങനെ ഒരു സമീപനം ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന് അയാൾക്ക് അറിയാമായിരുന്നു. കേട്ടത് സത്യമാണോ എന്നറിയില്ല.
സോമൻറെ വെറും വാചകമടിയാണോ എന്ന തോന്നൽ ആദ്യം ഒന്ന് വന്നെങ്കിലും അതാവില്ല എന്ന് ഉറപ്പിക്കുന്നതായിരുന്നു പിന്നീടുള്ള സംഭാഷണങ്ങൾ .
രാവിലെ ബാലു ചോദിച്ച ചോദ്യം അയാളുടെ ഓർമയിൽ പൊങ്ങി വന്നു:
'തനിക്കു ആരെങ്കിലും ശത്രുക്കൾ ഉണ്ടോ? ബിസിനസിൽ ആരെങ്കിലും റൈവൽസ്- ഹു കുഡ് ബി ട്രയിങ് റ്റു ഗെറ്റ് റ്റു യു ത്രൂ യുവർ വൈഫ്?'
രാജീവൻ സ്വന്തം ക്യാബിനിലേക്കു മടങ്ങി.
ആരുടെ ഷെയറുകളെക്കുറിച്ചാണ് സോമൻ അങ്ങനെ പറഞ്ഞത് എന്ന് അന്വേഷിക്കണം. വനജ, കുരുവിളയുടെ ഓഫീസിൽ പോയതിന് ഇതുമായി ബന്ധമുണ്ടോ? ഈ നീക്കങ്ങൾ അറിഞ്ഞതുകൊണ്ടാണോ അവളെ ആരോ അപായപ്പെടുത്താൻ ശ്രമിച്ചത്? അവൾ എന്തൊക്കെയോ ഒളിക്കുന്നുണ്ട്. തീർച്ച.
വനജയ്ക്കു സ്വഭാവദൂഷ്യം ആരോപിച്ചുകൊണ്ടുള്ള ഊമക്കത്തുകൾ, അവളുടെ പേരിലുള്ള നുണക്കഥകൾ, ആക്രമണം, കമ്പനിയിലെ പ്രശ്നങ്ങൾ ഇതെല്ലം തമ്മിൽ ബന്ധമുണ്ടെന്നു വരുമോ? ബാലുവിൻറെ സംശയം ഗൗരവമായിത്തന്നെ കണക്കാക്കണം.
ഇതിനൊക്കെ ഇടയ്ക്കാണ് എബിയുടെ മാപ്പുപറച്ചിൽ. എബിയ്ക്ക് എന്താണ് ബീനയെ കുറ്റം വിധിക്കാൻ ഇത്ര തിടുക്കം? കുറ്റം ബീനയിൽ കെട്ടിവെക്കുന്നതിനു പിന്നിലെ ഉദ്ദേശം ഈ ഗൂഢാലോചനയിൽ രാജുവിനുള്ള പങ്ക് മറയ്ക്കാനാണോ? അങ്ങനെ എങ്കിൽ റീത്താമ്മച്ചിയും, ജോർജച്ചായനും എല്ലാവരും അറിഞ്ഞുകൊണ്ടാണോ ഈ നീക്കം?
കഴിഞ്ഞ ദിവസം അച്ചൻ പറഞ്ഞ വാക്കുകൾ രാജീവൻറെ മനസ്സിലേക്ക് ഓടിയെത്തി- ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത് എന്ന്.
അന്വേഷിക്കണം. പക്ഷേ, അന്വേഷണം എവിടെ, എങ്ങനെ തുടങ്ങണം എന്നൊരു രൂപവുമില്ല. ആരെയാണ് വിശ്വസിക്കാവുന്നത്? രാജു പോലും ശത്രുപക്ഷത്താണെന്നു ഒരു തോന്നൽ. ഏതായാലും കമ്പനി വക്കീലിനെ ഒന്ന് കാണണം. ബാലുവിനോട് അന്വേഷണം ഊർജ്ജിതപ്പെടുത്താനും പറയണം. വനജയെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ ആരാണെന്നു അറിഞ്ഞാൽ ഒരുപക്ഷേ ഇതിനെല്ലാം മറുപടി കിട്ടിയേക്കും....
ആപത്തുകൾ കൂട്ടത്തോടെ എന്ന് പറയുന്നത് വെറുതെയല്ല.
Read More: https://www.emalayalee.com/writer/69