Image

വെള്ളമെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ച യുവതി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

Published on 12 July, 2026
 വെള്ളമെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ച  യുവതി അതീവ ഗുരുതരാവസ്ഥയില്‍  ചികിത്സയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. ജ്വല്ലറിയില്‍ വെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഹാപൂരില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ സ്ത്രീ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്നതും തൊട്ടുപിന്നാലെ അത് തുപ്പിക്കൊണ്ട് പുറത്തേക്ക് ഓടുന്നതും കാണാം. അര്‍ജുന്‍ നഗര്‍ പ്രദേശത്ത് സ്വര്‍ണം വാങ്ങാന്‍ എത്തിയതായിരുന്നു യുവതി.

കടയില്‍ വെച്ച് കടുത്ത ദാഹം തോന്നിയതിനെ തുടര്‍ന്ന് അവര്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു. തുടര്‍ന്ന് ജ്വല്ലറിയിലെ ജീവനക്കാരന്‍ അടുത്തുള്ള പലചരക്ക് കടയില്‍ നിന്ന് സീല്‍ ചെയ്ത ഒരു വാട്ടര്‍ ബോട്ടില്‍ വാങ്ങി കൊണ്ടുവന്നു. ഫ്രിഡ്ജില്‍ ഇരുന്ന കുപ്പി അതേപടി ജീവനക്കാരന് നല്‍കിയെന്നാണ് പലചരക്ക് കടക്കാരന്‍ അവകാശപ്പെടുന്നത്. ജീവനക്കാരന്‍ ഈ കുപ്പി കൊണ്ടുവന്ന് സ്ത്രീക്ക് കൈമാറുകയായിരുന്നു.

കുപ്പിക്കുള്ളില്‍ എന്താണെന്ന് അറിയാതെ അവര്‍ അത് തുറന്ന് പെട്ടെന്ന് ഒരു കവിള് കുടിച്ചു. തൊട്ടടുത്ത നിമിഷം തന്നെ അവര്‍ വേദനകൊണ്ട് നിലവിളിക്കുകയും കുടിച്ചത് തുപ്പിക്കളയാനായി കടയ്ക്ക് പുറത്തേക്ക് ഓടുകയുമായിരുന്നു. ഈ കുപ്പിയില്‍ ആസിഡ് ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ ആദ്യം ലോക്കല്‍ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാല്‍ മറ്റൊരു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവില്‍ അവര്‍ അവിടെ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് പലചരക്ക് കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുപ്പി പൂര്‍ണ്ണമായും സീല്‍ ചെയ്തതായിരുന്നുവെന്നും ഫ്രിഡ്ജില്‍ നിന്ന് എടുത്ത അതേപടി തന്നെയാണ് ജീവനക്കാരന് നല്‍കിയതെന്നുമാണ് കടയുടമ പറയുന്നത്.

പലചരക്ക് കടയില്‍ നിന്ന് പൊലീസ് ചില ആസിഡ് കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ഞങ്ങളുടെ അറിവില്‍ ആ കുപ്പി പൂര്‍ണ്ണമായും സീല്‍ ചെയ്തതായിരുന്നു. ഫ്രിഡ്ജില്‍ നിന്ന് എടുത്ത അതേപടി തന്നെയാണ് ഞങ്ങള്‍ അത് ഉപഭോക്താവിന് നല്‍കിയത്'- ജ്വല്ലറി ഉടമയായ ദേനു പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക