
ബെംഗളൂരു: സിവിൽ കേസ് ജയിക്കാനായി ജഡ്‌ജിയുടെ കസേരയിൽ കടുക് വിതറി ദുർമന്ത്രവാദം നടത്തിയ സ്‌ത്രീ അറസ്റ്റിൽ. ഭൂമി കേസിൽ അനുകൂല വിധി ലഭിക്കുന്നതിനായി ജഡ്‌ജിയുടെ ഇരിപ്പിടത്തിൽ മന്ത്രവാദ പൂജ ചെയ്‌ത വെള്ളക്കടുക് വിതറിയതിനാണ് നടപടി. കർണാടകയിലെ ചിക്കബെല്ലാപുര നഗരത്തിൽ താമസിക്കുന്ന മഞ്ജുള (65) ആണ് അറസ്റ്റിലായത്. ജൂലൈ 9 വ്യാഴാഴ്‌ച ആയിരുന്നു സംഭവം. രാവിലെ 9:30 ന് ചിക്കബെല്ലാപുര നഗരത്തിലെ ഒന്നാം അഡീഷണൽ സിവിൽ ആൻഡ് ജെ എം എഫ് സി കോടതിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
വ്യാഴാഴ്‌ച മഞ്ജുളയുമായി ബന്ധപ്പെട്ട ഒരു ഭൂമി കേസിൽ കോടതിയിൽ വാദം ഉണ്ടായിരുന്നു. തനിക്ക് അനുകൂലമായി കേസിൽ വിധി വരാൻ വേണ്ടിയായിരുന്നു മന്ത്രവാദം നടത്തിയതെന്ന് അവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ജഡ്‌ജി ഇരിക്കുന്ന കസേരയിലും ഡയസിലുമാണ് പ്രതിയായ മഞ്ജുള കടുക് വിതറിയത്. കോടതി ജീവനക്കാരാണ് സംഭവം ആദ്യം കാണുന്നത്. കസേരയിൽ കടുക് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും കുറ്റാരോപിതയായ സ്ത്രീ കടുക് കസേരയിലും ഡയസിലും ഇടുന്നതിൻ്റെ ദൃശ്യം പകർത്തുകയും ചെയ്‌തു.
സംഭവവുമായി ബന്ധപ്പെട്ട്, കോടതി അഡ്മിനിസ്ട്രേറ്റർ നേത്ര ചിക്കബെല്ലാപുര പൊലീസ് സ്റ്റേഷനിൽ സ്ത്രീക്കെതിരെ തെളിവുകൾ സഹിതം പരാതി നൽകി. മനുഷ്യത്വരഹിതമായ ദുഷ്പ്രവൃത്തികൾ, മന്ത്രവാദം തടയൽ, മന്ത്രവാദ നിർമാർജന നിയമം എന്നിവ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. കർണാടക മന്ത്രവാദ നിരോധന നിയമം 2017 പ്രകാരം ചിക്കബെല്ലാപുര സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അന്ധവിശ്വാസപരമായ ആചാരങ്ങളിലൂടെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടാനുള്ള ശ്രമമായാണ് അധികൃതർ ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.
കോടതി ജീവനക്കാരുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്‌തതും സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവെന്നും കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ജില്ലാ പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്‌സി പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം സ്ത്രീയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്തരം സംഭവങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഭാരതീയ ന്യായ സംഹിത - BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ ഉറപ്പാക്കുന്നത്.