Image

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികനെ കാണാതായി, അപലപിച്ച് ഇന്ത്യ; 10 പേരെ രക്ഷപ്പെടുത്തി

Published on 12 July, 2026
ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ  നാവികനെ കാണാതായി,  അപലപിച്ച് ഇന്ത്യ; 10 പേരെ രക്ഷപ്പെടുത്തി

ഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതായും മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. പശ്ചിമേഷ്യയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം, അടിയന്തരമായി സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്തണമെന്നും ആവശ്യപ്പെട്ടു.

"ഒമാൻ തീരത്ത് ജി.എഫ്.എസ് ഗാലക്സി എന്ന വാണിജ്യ കപ്പലിനു നേരെ ഇന്നുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ 10 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്," എന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും മികച്ച പിന്തുണ നൽകിയ ഒമാൻ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും, വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നടപടികൾക്കെതിരെ ഇന്ത്യയുടെ നിലപാടും മന്ത്രാലയം ആവർത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക