Image

നെഹ്റു ട്രോഫി വള്ളം കളി സമ്മാനതുക വർധിപ്പിച്ചു; ഒന്നാം സമ്മാനം 25 ലക്ഷം രൂപ

Published on 12 July, 2026
നെഹ്റു ട്രോഫി വള്ളം കളി  സമ്മാനതുക വർധിപ്പിച്ചു; ഒന്നാം സമ്മാനം 25 ലക്ഷം  രൂപ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയുടെ സമ്മാന തുക കുത്തനെ വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ഇതോടെ ഒന്നാം സ്ഥാനത്ത് എത്തുന്ന ചുണ്ടൻ വള്ളത്തിന് 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപയും നാലാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനം. കൂടാതെ വള്ളം കളിക്കുള്ള സർക്കാരിന്‍റെ സാമ്പത്തിക സഹായം രണ്ടു കോടി രൂപയായും ഉയർത്തി. ഞായറാഴ്ച ചേർന്ന നെഹ്റു ട്രോഫി വള്ളം കളി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവില്‍ അഞ്ചു ലക്ഷം രൂപയായിരുന്നു നെഹ്‌റു ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനതുക. ഒറ്റയടിക്ക് 20 ലക്ഷം രൂപയുടെ വർധനവാണ് സമ്മാനതുകയിൽ വരുത്തിയിരിക്കുന്നത്. വള്ളം കളിക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രി വിഷ്ണുനാഥ് പറഞ്ഞു. ചുണ്ടൻ വള്ളങ്ങളുടെ അറ്റുകുറ്റപ്പണിക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ ചാമ്പ്യൻസ് ബോട്ട് ലീഗിനായി 11 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എ.ഡി. തോമസ് എംഎൽഎ, കലക്‌റ്റർ ഷാജി വി. നായർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇത്തവണ ഓഗസ്റ്റ് 22നാണ് നെഹ്റു ട്രോഫി വള്ളം കളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക