
മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിൽ ജൂലൈ 12 – ന് പുലർച്ചെ ലഭിച്ച ബോംബ് ഭീഷണിയെത്തുടർന്ന് സുരക്ഷാ ഏജൻസികൾ വൻ തിരച്ചിൽ നടത്തി. നവി മുംബൈ പോലീസ് കൺട്രോൾ റൂമിലേക്ക് പുലർച്ചെ 12:13-ഓടെ വന്ന ഫോൺ കോളിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഹോട്ടലിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു വിളിച്ചയാളുടെ അവകാശവാദം.
സന്ദേശം ലഭിച്ച ഉടൻ തന്നെ മുംബൈ പോലീസ്, ക്രൈം ബ്രാഞ്ച്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്തി. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി ഹോട്ടലിലെ എല്ലാ ഭാഗങ്ങളിലും സംഘം പരിശോധന നടത്തി. എന്നാൽ, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇതൊരു വ്യാജ ഭീഷണിയാണെന്ന് പ്രഖ്യാപിച്ച പോലീസ്, വിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി. നവി മുംബൈയിലെ തുർബെയിൽ നിന്നാണ് ഫോൺ കോൾ വന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.