
കോഴിക്കോട്; ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി(22)നാണ് ഗുരുതരമായി പരുക്കറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിജയാഘോഷത്തിനിടെയാണ് സംഭവം.
സഹദിന്റെ ഇടതു കൈയിലെ രണ്ടു വിരലുകളാണ് അറ്റുപോയത്. ചെറുവിരലും മോതിരവിരലും പൂര്‍ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ ഇടത് കൈയിലും വലതു കൈയിലും പടക്കമുണ്ടായിരുന്നു. വലതുകൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ വലതുകൈയിലെ പടക്കത്തിനും തീപ്പിടിച്ച് പൊട്ടുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.