
പ്രസിഡന്റ് ട്രംപിനോട് ഏറെ അടുപ്പം ഉണ്ടായിരുന്ന റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയം (71) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന അദ്ദേഹത്തിനു വ്യാഴാഴ്ചയാണ് 71 വയസായത്. വെള്ളിയാഴ്ച്ച യുക്രൈനിൽ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയുമായി ചർച്ച നടത്തി തിരിച്ചെത്തിയ സെനറ്റർക്കു ശനിയാഴ്ച്ച വൈകിട്ട് പെട്ടെന്ന് അസുഖം ഉണ്ടാവുകയും മരണം സംഭവിക്കയും ചെയ്‌തു.
നെഞ്ചുവേദന ഉണ്ടായതിനെ തുടർന്നു കുടുംബം വൈദ്യ സഹായം തേടിയെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.
ഗ്രെയം താൻ അറിഞ്ഞ മഹത്തായ വ്യക്തികളിൽ ഒരാളും മികച്ച സെനറ്ററും ആയിരുന്നുവെന്നു ട്രംപ് പറഞ്ഞു. "എപ്പോഴും ജോലി ചെയ്തു കൊണ്ടിരുന്ന അദ്ദേഹം യഥാർഥ അമേരിക്കൻ ദേശഭക്തൻ ആയിരുന്നു. ലിൻഡ്സേയുടെ അഭാവം നമുക്ക് അനുഭവപ്പെടും, ഏറെ ദുഖകരം."
2002 മുതൽ സൗത്ത് കരളിനയിൽ നിന്നു സെനറ്ററായ ഗ്രെയം അഞ്ചാം തവണ മത്സരിക്കാൻ ജൂൺ 9നു റിപ്പബ്ലിക്കൻ പ്രൈമറിയിൽ 56.78% വോട്ടോടെ വിജയം നേടിയിരുന്നു. അദ്ദേഹത്തിനു പകരം പാർട്ടി മറ്റൊരാളെ കണ്ടെത്തണം.
ജനുവരിയിൽ കോൺഗ്രസ് കൂടുമ്പോൾ ഗ്രെയമിനു പകരം സെനറ്റിൽ താത്കാലികമായി ഇരിക്കാൻ ഒരാളെ ഗവർണർ ഹെൻറി മക്മാസ്റ്റർ നോമിനേറ്റ് ചെയ്യും.
1995 മുതൽ 2003 വരെ യുഎസ് ഹൗസിൽ അംഗമായിരുന്ന ഗ്രെയം 2002ൽ സെനറ്റിൽ എത്തി. 2008, 2014 വർഷങ്ങളിൽ വീണ്ടും ജയിച്ചു. 2008ൽ സംസ്ഥാനത്തു ഒരു മില്യണിലധികം വോട്ട് നേടിയ ആദ്യത്തെ സ്ഥാനാർഥി എന്ന റെക്കോർഡിട്ടു.
1994ൽ ഗ്രെയം യുഎസ് ഹൗസിൽ എത്തുമ്പോൾ 1877നു ശേഷം റിപ്പബ്ലിക്കൻ പാർട്ടി സൗത്ത് കരളിന തേർഡ് ഡിസ്ട്രിക്ടിൽ നേടിയ ആദ്യ വിജയം ആയിരുന്നു.
ട്രംപിന്റെ രണ്ടാം ഭരണത്തിൽ വിദേശനയത്തിൽ പ്രസിഡന്റിനെ ഗ്രെയം ഏറെ സ്വാധീനിച്ചു. ഇറാനെതിരെ യുദ്ധത്തിനു പോകാൻ അദ്ദേഹം ട്രംപിനെ പരസ്യമായി നിർബന്ധിച്ചു.
സെനറ്റ് ബജറ്റ് കമ്മിറ്റി ചെയർ ആയിരുന്നു ഗ്രെയം.
യുക്രൈൻ സന്ദർശനത്തെ കുറിച്ച് ഞായറാഴ്ച്ച രാവിലെ എൻ ബി സിയിൽ സംസാരിക്കാനിരുന്നതാണ് ഗ്രെയം.
Senator Lindsey Graham passes away