
അമേരിക്കൻ കോൺഗ്രസ് അംഗമായ റെപ്. റോ ഖന്നയെ (ഡെമോക്രാറ്റ്-കലിഫോർണിയ) ഇസ്രയേലി അധിനിവേശമുള്ള പലസ്തീന്റെ വെസ്റ്റ് ബാങ്കിൽ ആയുധമേന്തിയ ഇസ്രയേലി നിവാസികൾ തടഞ്ഞതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
പലസ്തീൻ ഗോത്രവർഗ ഗ്രാമമായ കിർബെത് സനോട്ടയുടെ നഷ്ടാവശിഷ്ടങ്ങൾ സന്ദർശിച്ച ഖന്നയെ ഒരു കാറിൽ എത്തിയ ഇസ്രയേലികളാണ് തടഞ്ഞു നിർത്തിയത്. വെസ്റ്റ് ബാങ്കിൽ കൈയ്യേറ്റം നടത്തി കോളനികൾ സ്ഥാപിച്ച യഹൂദർ നിരന്തരം ആക്രമിക്കുന്നതു കൊണ്ടു പലസ്തീൻകാർ ഒഴിഞ്ഞു പോയ കൊച്ചു ഗ്രാമമാണിത്.
ഖന്നയുടെ സംഘം സഞ്ചരിച്ച മിനിബസിനു നേരെ ഇസ്രയേലികൾ ആക്രമണം നടത്തി. ഹീബ്രുവിലും അറബിയിലും അശ്ലീലം ചൊരിയുകയും ചെയ്തു.
വൈകാതെ ഒരു ജീപ്പിൽ ഏതാനും ഇസ്രയേലികൾ കൂടി എത്തി. ഇസ്രയേലി സേന രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സഹായവും നൽകിയില്ലെന്ന് ഖന്ന അറിയിച്ചു.
ജീവിതത്തിൽ ഒട്ടേറെ പ്രത്യേക ആനുകൂല്യങ്ങളുളള തനിക്കു നിസഹായതയാണ് അപ്പോൾ അനുഭവപ്പെട്ടതെന്നു ഖന്ന പറഞ്ഞു. യുഎസ് എമ്പസിയുമായി ബന്ധപ്പെട്ട ശേഷം ലഭിച്ച സഹായം കൊണ്ടാണ് 90 മിനിറ്റ് കഴിഞ്ഞു അവിടന്നു പുറത്തു കടക്കാൻ കഴിഞ്ഞത്.
പലസ്തീൻ ജനത അനുഭവിക്കുന്ന പീഡനങ്ങളുടെ ചിത്രം തനിക്കു മുന്നിൽ തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി ചിലർ വിദേശ പൗരന്മാരെയും പത്രലേഖകരെയും തടഞ്ഞതായി വിവരം കിട്ടിയെന്നു ഇസ്രയേലി സേന പ്രസ്താവനയിൽ പറഞ്ഞു. സൈന്യം ഇടപെട്ടു അവർക്കു കടന്നു പോകാൻ സഹായം നൽകി. സൈന്യം അക്രമികൾക്കു സഹായം നൽകിയെന്ന ആരോപണം അവർ നിഷേധിച്ചു.
2028ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ശ്രമിക്കുമെന്നു കരുതപ്പെടുന്ന ഖന്ന സിലിക്കൺ വാലി ഉൾപ്പെട്ട ഡിസ്ട്രിക്റ്റിന്റെ പ്രതിനിധിയാണ്.
Armed Israeli settlers threaten US Congressman