
വാഷിംഗ്ടണ്‍ ഡിസി ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിനുനേരെ ഇറാന് നടത്തിയ ആക്രമണത്തിന് മറുപടിയായി യുഎസ് കഴിഞ്ഞദിവസം ഇറാനില്‍ തിരിച്ചടി നടത്തിയിരുന്നു. ഇതിന് പിന്നാലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ബഹ്റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.
യൂണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE): ഇറാനില്‍ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടതായി അബുദാബി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ ദോഹയില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും, വ്യോമാതിര്‍ത്തിയില്‍ മിസൈലുകള്‍ തടുത്തതായും ഖത്തര്‍ സായുധ സേന സ്ഥിരീകരിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ സുരക്ഷിതരായിരിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ബഹ്റൈനില്‍ അപായ സൈറണുകള്‍ മുഴങ്ങി.
മേഖലയില്‍ തങ്ങള്‍ക്കെതിരെ ഇനിയും ആക്രമണമുണ്ടായാല്‍ കൂടുതല്‍ ശത്രുതാപരമായ സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അടച്ചതായും ഇറാന് പ്രഖ്യാപിച്ചു.