
ശ്രീലങ്കയിൽ ജനിച്ച തമിഴ് വംശജൻ അവിടത്തെ അതിക്രമങ്ങളിൽ നിന്നു പലായനം ചെയ്തു തമിഴ് നാട്ടിൽ എത്തിയ ശേഷം വിദ്യാഭ്യാസം പൂർത്തിയാക്കി യുഎസിൽ പോയി ജോലി എടുത്തു. 44 വയസുള്ള വിവേക് ശരവണമുത്തുവിന് ഇന്ത്യൻ പാസ്പോർട്ട് ഉണ്ടെങ്കിലും അദ്ദേഹം 'രാജ്യമില്ലാത്ത' (stateless) വ്യക്തിയാണെന്നാണ് ഇപ്പോൾ ഇന്ത്യയുടെ നിലപാട്.
സഹായം തേടി വിവേക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. 10 ദിവസത്തിനകം പാസ്പോർട്ട് അടിയറ വയ്ക്കണമെന്ന ആവശ്യം ജൂലൈ 22 വരെ മരവിപ്പിക്കാൻ ജസ്റ്റിസ് മുഹമ്മദ് ഷഫീക്ക് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയോടു നിർദേശിച്ചു.
ആ നോട്ടീസിൽ എതിർപ്പുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയം അത് സത്യവാങ്മൂലമായി സമർപ്പിക്കണം.
കൊളംബോയിൽ 1982 ഏപ്രിൽ 26നാണു വിവേക് ജനിച്ചത്. ശ്രീലങ്കയിൽ തമിഴ് തീവ്രവാദി വിടുതലൈ പുലികൾ അക്രമം അഴിച്ചു വിട്ടപ്പോൾ വിവേകിന്റെ കുടുംബം തമിഴ് നാട്ടിലെ പുതുക്കോട്ടയിലേക്കു ഓടിപ്പോയി. വിവേക് എൻജിനിയറിങ് ബിരുദം എടുത്തത് തമിഴ് നാട്ടിൽ നിന്നാണ്. 2004 മാർച്ചിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിച്ചു. ആ സമയത്തു തനിക്കു ശ്രീലങ്കയിൽ നിന്നുളള ജനന സർട്ടിഫിക്കറ്റോ മറ്റു ബന്ധപ്പെട്ട രേഖകളോ ഉണ്ടായിരുന്നില്ലെന്നു വിവേക് കോടതിയോടു പറഞ്ഞു.
പത്തു വർഷം ചെന്നൈയിലും പുതുശേരിയിലും ജോലി ചെയ്ത ശേഷമാണു 2014ൽ യുഎസിലേക്കു പോയത്. ഒരു ഇന്ത്യൻ കമ്പനി നൽകിയ എച്-1 ബി വിസയിൽ ആയിരുന്നു അത്. 2019ൽ നോർത്ത് കരളിനയിലെ ഒരു അമേരിക്കൻ സാങ്കേതിക സ്ഥാപനത്തിലേക്കു മാറി. പന്ത്രണ്ടു വർഷമായി യാതൊരു നിയമപ്രശ്നവും ഇല്ലാതെ യുഎസിൽ കഴിയുന്നു.
2024 ൽ കൊളംബോയിൽ നിന്നു ജനന സർട്ടിഫിക്കറ്റ് വാങ്ങി. ശ്രീ ലങ്കൻ വിദേശകാര്യ വകുപ്പ് അത് അംഗീകരിക്കയും ചെയ്തു. സംപൂർണമായി നിയമാനുസൃത രേഖകൾ ഉണ്ടാവണം എന്ന ലക്ഷ്യത്തിലാണ് അതു ചെയ്തത്.
2025 ഒക്ടോബറിൽ യുഎസ് ഗ്രീൻ കാർഡ് ലഭിച്ചു. അതിനു അപേക്ഷിക്കുമ്പോൾ ഈ ജനന രേഖകൾ നൽകിയിരുന്നു.
2025 നവംബർ 18നു ഇന്ത്യൻ പാസ്പോർട്ട് കാലാവധി കഴിയുന്ന സമയത്തു അതു പുതുക്കാൻ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. പാസ്‌പോർട്ടിൽ ജനനസ്ഥലം പുതുക്കോട്ടൈ എന്നു കാണിച്ചിട്ടുള്ളത് കൊളംബോ എന്നാക്കി മാറ്റണമെന്നു ആവശ്യപ്പെടുകയും ചെയ്തു. കൊളംബോയിൽ നിന്നുള്ള രേഖകളും നൽകി.
ഇന്ത്യൻ എംബസി 2026 ഫെബ്രുവരി 22 മുതൽ 2036 ഫെബ്രുവരി 22 വരേക്കു പാസ്പോർട്ട് പുതുക്കി നൽകി. പക്ഷെ ജൂൺ 18നു പാസ്പോർട്ട് 10 ദിവസത്തിനകം അടിയറ വയ്ക്കാൻ അവർ നോട്ടീസ് അയച്ചു. പ്രോസിക്യൂഷൻ നടപടി എടുക്കുമെന്ന താക്കീതും നൽകി.
ശ്രീലങ്കൻ പൗരത്വം നേടാൻ 9 മാസത്തെ സാവകാശം നൽകണമെന്നു വിവേക് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അപേക്ഷിക്കുന്നു. ശ്രീലങ്കൻ പാസ്‌പോർട്ടും മറ്റു രേഖകളും കിട്ടിക്കഴിഞ്ഞാൽ ഇന്ത്യൻ പാസ്പോർട്ട് അടിയറ വയ്ക്കാൻ തയാറാണ്.
Indian embassy asks IT engineer to surrender passport