Image

ഹൈദരബാദിൽ നിന്ന് സ്വിറ്റ്സർലൻഡിന് പോയ ദമ്പതികളെ കാണാനില്ല; തിരോധാനത്തിൽ കോടികളുടെ ചിട്ടി തട്ടിപ്പ് സംശയിച്ച് പോലീസ്

Published on 11 July, 2026
 ഹൈദരബാദിൽ നിന്ന് സ്വിറ്റ്സർലൻഡിന്  പോയ  ദമ്പതികളെ കാണാനില്ല; തിരോധാനത്തിൽ  കോടികളുടെ ചിട്ടി തട്ടിപ്പ് സംശയിച്ച് പോലീസ്

സ്വിറ്റ്സർലൻഡിലേക്ക് അവധിയാഘോഷത്തിനായി പോയ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളെ കാണാതായതായി റിപ്പോർട്ട്. ജൂൺ 22-നാണ് ഇരുവരും സ്വിറ്റ്സർലൻഡിലേയ്ക്ക് പോയത്. ഇതേ തുടർന്ന് ഇവരുടെ മകൾ പോലീസിൽ പരാതി നൽകി.

മാതാപിതാക്കളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 8നാണ് മകൾ പബ്ബ ശ്രേയ ചെർലപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ പിതാവ് പി. ചന്ദ്രശേഖർ (51), മാതാവ് പി. സ്വപ്ന എന്നിവർ ജൂൺ 22-ന് സ്വിറ്റ്സർലൻഡിലേക്ക് അവധിയാഘോഷത്തിന് പോകുകയാണെന്ന് തന്നെയും സഹോദരിയെയും അറിയിച്ചിരുന്നുവെന്ന് മകളുടെ പരാതിയിൽ പറയുന്നു. 

ജോലി കഴിഞ്ഞ് താൻ വീട്ടിലെത്തിയതിന് പിന്നാലെ മാതാപിതാക്കൾ വിമാനത്താവളത്തിലേക്ക് പോയെങ്കിലും പിന്നീട് അവരുമായി യാതൊരു ബന്ധവും സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും, മൊബൈൽ ഫോണിലേക്ക് വിളിച്ചിട്ടും സന്ദേശങ്ങൾ അയച്ചിട്ടും ലഭിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. 23-ഉം 21-ഉം വയസ്സുള്ള രണ്ട് സഹോദരിമാർ ഇപ്പോൾ വീട്ടിൽ ഒറ്റയ്ക്കാണുള്ളത്. മാതാപിതാക്കളുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ദമ്പതികൾ തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ചോ സ്വിറ്റ്സർലൻഡിൽ എവിടെയാണ് താമസിക്കുകയെന്നോ ഏത് പ്രദേശത്തേക്കാണ് പോയതെന്നോ മക്കളോട് വിശദമായി പറഞ്ഞിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. അതിനാൽ അവിടെ ഇരുവരും താമസിക്കാനിടയുള്ള ഹോട്ടലുകളുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ല. 

മൂത്ത മകൾ ജോലിസ്ഥലത്തിരിക്കെയാണ് അമ്മ ഫോൺ ചെയ്ത് സ്വിറ്റ്സർലൻഡിലേക്ക് പോകുകയാണെന്ന് അറിയിച്ചത്. മകൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ ഇരുവരും വിമാനത്താവളത്തിലേക്ക് പുറപ്പെടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കാണാതായതിനുള്ള കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചന്ദ്രശേഖറിന്റെ ബിസിനസ് ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. 

നിക്ഷേപകർക്ക് വൻ ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ ചിട്ടി പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ചന്ദ്രശേഖർ ഉൾപ്പെട്ടിരുന്നുവെന്നും പിന്നീട് പണം തിരിച്ചുനൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് പോലീസ് കേസുകൾ ഭയന്ന് ദമ്പതികൾ മനപ്പൂർവം രാജ്യം വിട്ടതാണോ എന്നും അതിന്റെ ഭാഗമായി മക്കളുമായുള്ള ബന്ധം ഉപേക്ഷിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക