
മുംബൈ: ഫോർച്യൂൺ ഇന്ത്യപുറത്തുവിട്ട രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയിൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം. അംബാനി ഒന്നാം സ്ഥാനം സ്വന്തമാക്കി. നിത അംബാനിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വപാടവത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തോടുള്ള പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ഈ നേട്ടം.
വിജയമെന്നത് നമ്മൾ മാറ്റിയെടുക്കുന്ന ജീവിതങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് അളക്കേണ്ടതെന്ന നിത അംബാനിയുടെ ഉറച്ച വിശ്വാസത്തിനുള്ള ആദരവാണ് ഈ പുരസ്കാരമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) വ്യക്തമാക്കി. പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് നിത അംബാനിയെ അഭിനന്ദിച്ചു.
"ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ ശ്രീമതി നിത എം. അംബാനിക്ക് അഭിനന്ദനങ്ങൾ. അവരുടെ നേതൃത്വത്തിന് കീഴിൽ റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യയിലുടനീളം 2.9 കോടി കുട്ടികൾ ഉൾപ്പെടെ 10 കോടിയിലധികം (വൺ ഹൺഡ്രഡ് മില്യൺ) മനുഷ്യരുടെ ജീവിതങ്ങളെയാണ് സ്പർശിച്ചതും സ്വാധീനിച്ചതും" - റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പറഞ്ഞു.
നേരത്തെ, ജൂലൈ 3-ന് ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ചടങ്ങിൽ നിത അംബാനിക്ക് പ്രശസ്തമായ ആപ്പി ഹ്യൂമാനിറ്റേറിയൻ അവാർഡ് (AAPI Humanitarian Award) ലഭിച്ചിരുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AAPI) ആണ് ഈ പുരസ്കാരം നൽകിയത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കായികം, സംസ്‌കാരം, കമ്മ്യൂണിറ്റി വികസനം എന്നീ മേഖലകളിൽ അവർ നൽകിയ അസാധാരണമായ സംഭാവനകളെ മുൻനിർത്തിയാണ് ഈ അവാർഡ് നൽകി ആദരിച്ചത്.
മാത്രമല്ല, മാനുഷിക പ്രവർത്തനങ്ങൾക്കുള്ള കൂടുതൽ അംഗീകാരമെന്നോണം, ടാമ്പാ മേയർ ജെയ്ൻ കാസ്റ്റർ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയർന്ന പൗരബഹുമതികളിലൊന്നായ 'കീ ടു ദി സിറ്റി ഓഫ് ടാമ്പ' (Key to the City of Tampa) നിത അംബാനിക്ക് സമ്മാനിച്ചിരുന്നു