Image

വൈലോപ്പിള്ളി സ്മൃതി സാഹിത്യ ശ്രേഷ്ഠ യുവപ്രതിഭ പുരസ്കാരം പ്രശാന്ത് പഴയിടത്തിന് സമ്മാനിച്ചു

Published on 11 July, 2026
വൈലോപ്പിള്ളി സ്മൃതി സാഹിത്യ ശ്രേഷ്ഠ യുവപ്രതിഭ പുരസ്കാരം പ്രശാന്ത് പഴയിടത്തിന് സമ്മാനിച്ചു

 


ഗുരുവായൂർ: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ 2026-ലെ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ യുവപ്രതിഭ പുരസ്കാരം എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പ്രശാന്ത് പഴയിടത്തിന് സമ്മാനിച്ചു.

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവി പ്രഭാവർമ്മയിൽ നിന്ന് വിദേശത്തായിരുന്ന പ്രശാന്ത് പഴയിടത്തിനുവേണ്ടി പിതാവ് രാജൻ പഴയിടം പുരസ്കാരം ഏറ്റുവാങ്ങി.

സ്ത്രീയുടെ നൊമ്പരങ്ങളും മഹത്വവും, അവൾ നേരിടുന്ന അനീതികൾക്കെതിരായ ചെറുത്തുനിൽപ്പും അതിജീവനവും ശക്തമായി ആവിഷ്കരിക്കുന്ന “കഥ പറയാനൊരു പെണ്ണ്” എന്ന കവിതയും, കവിത, കഥ, നോവൽ, ഗാനരചന എന്നീ മേഖലകളിലെ ശ്രദ്ധേയമായ സമഗ്ര സാഹിത്യസംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

കുട്ടികൾക്കായി രചിച്ച ഇംഗ്ലീഷ് ചിത്രകഥാപുസ്തകമായ “ക്രിസ്റ്റൽ സ്വീറ്റ്നെസ്സ് ” ഏറെ ശ്രദ്ധ നേടിയ കൃതിയാണ്. ഈ കൃതിയിലൂടെ സ്വയം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ചിത്രകഥാപുസ്തകത്തിന്റെ രചയിതാവെന്ന നിലയിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ആദ്യ മലയാളി എന്ന അപൂർവ അംഗീകാരവും പ്രശാന്ത് പഴയിടം കരസ്ഥമാക്കിയിട്ടുണ്ട്.

                               പ്രശാന്ത് പഴയിടം

 

നിലവിൽ സോഷ്യൽ മീഡിയയിലൂടെ എപ്പിസോഡുകളായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന “മുംബൈ എക്സ്പ്രസ്” എന്ന നോവൽ പ്രവാസജീവിതത്തിന്റെ യാഥാർഥ്യങ്ങളും പ്രതീക്ഷകളും സൗഹൃദവും ജീവിതപ്പോരാട്ടങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച് വായനക്കാരുടെ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്.

മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, കഥ, നോവൽ, ബാലസാഹിത്യം, ഗാനരചന തുടങ്ങി വിവിധ സാഹിത്യശാഖകളിൽ സജീവമായ പ്രശാന്ത് പഴയിടത്തിന്റെ രചനകൾ ലളിതമായ അവതരണശൈലിയും സാമൂഹിക പ്രസക്തിയുള്ള പ്രമേയങ്ങളും കൊണ്ട് ശ്രദ്ധേയമാണ്.

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നിരവധി എഴുത്തുകാരും കവികളും കലാകാരന്മാരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക