Image

വിയറ്റ്നാമിൽ ഇന്ത്യൻ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു: 15 പേർ മരിച്ചതായി റിപ്പോർട്ട്

Published on 11 July, 2026
വിയറ്റ്നാമിൽ ഇന്ത്യൻ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു: 15 പേർ മരിച്ചതായി റിപ്പോർട്ട്

ഹനോയി: ദക്ഷിണ വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് (Phu Quoc) ദ്വീപിന് സമീപം ഇന്ത്യൻ സഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് 15 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. വിയറ്റ്നാമിലെ പ്രാദേശിക മാധ്യമമായ 'വിഎൻ എക്സ്പ്രസ് ഇൻ്റർനാഷണൽ' ആണ് മരണവിവരം പുറത്തുവിട്ടത്.

​32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. ഹോൺ മേ റൂട്ടിൽ നിന്നും ആൻ തോയ് തുറമുഖത്തേക്ക് പോവുകയായിരുന്ന ബോട്ട്, ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലും പെട്ട് തീരത്തുനിന്ന് 400 മീറ്റർ മാത്രം അകലെവെച്ച് തലകീഴായി മറിയുകയായിരുന്നു.

​അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് വിയറ്റ്നാം കോസ്റ്റ് ഗാർഡ്, നേവി, അതിർത്തി രക്ഷാസേന എന്നിവരും സ്ഥലത്തെത്തി തെരച്ചിൽ ഊർജ്ജിതമാക്കി.

​കടൽ അതീവ അസ്വസ്ഥമായിരുന്നതും അപകടത്തിൽപ്പെട്ട ബോട്ടിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടന്നതും രക്ഷാപ്രവർത്തനം സങ്കീർണമാക്കി. ബോട്ടിലുണ്ടായിരുന്നവരിൽ 21 പേരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച 15 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

അപകടത്തെക്കുറിച്ച് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടുണ്ട്. എന്നാൽ മരണപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ വിയറ്റ്നാം അധികൃതർ പരിശോധിച്ചുവരികയാണെന്ന് എംബസി എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

​അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കുമായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റിലും ഹനോയിയിലെ എംബസിയിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

​ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പറുകൾ:

​ഹോ ചി മിൻ സിറ്റി കൺട്രോൾ റൂം: +84 36 281 7930, +84 91 552 37 14, +84 33 452 0414

​ഹനോയി എംബസി കൺട്രോൾ റൂം: +84 91 308 9165

വിയറ്റ്നാം ഭരണകൂടവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും ഏകോപിപ്പിച്ചു വരികയാണെന്നും ഇന്ത്യൻ മിഷൻ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക