Image

പുതിയ എയർ ഫോഴ്‌സ് വണ്ണിനു സുരക്ഷാ പ്രശ്നമുണ്ടെന്നു റിപ്പോർട്ട് ചെയ്ത 'ടൈംസ്' ലേഖകരെ ഭരണകൂടം കോടതി കയറ്റി (പിപിഎം)

Published on 11 July, 2026
പുതിയ എയർ ഫോഴ്‌സ് വണ്ണിനു സുരക്ഷാ പ്രശ്നമുണ്ടെന്നു റിപ്പോർട്ട് ചെയ്ത 'ടൈംസ്' ലേഖകരെ ഭരണകൂടം കോടതി കയറ്റി (പിപിഎം)

പ്രസിഡന്റ് ട്രംപിന്റെ പുതിയ എയർ ഫോഴ്‌സ് വൺ വിമാനത്തിനു സുരക്ഷാ ഭീഷണി ഉണ്ടെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകളുടെ പേരിൽ 'ന്യൂ യോർക്ക് ടൈംസ്' പത്രത്തിനു ട്രംപ് ഭരണകൂടം സപ്പീനകൾ അയച്ചു.

ഖത്തർ സമ്മാനമായി നൽകിയ വിമാനം തുർക്കിയിലെ ആങ്കറയിൽ നേറ്റോ സമ്മേളനം കഴിഞ്ഞു  ബ്രിട്ടനിലേക്കുള്ള യാത്രയ്ക്കു ട്രംപ് ഉപയോഗിച്ചില്ല എന്നതാണ് വിവാദമായത്. ഇറാനിൽ നിന്നു വധഭീഷണി ഉള്ളതു കൊണ്ടു മുൻകരുതൽ എടുത്തതാണ് എന്ന വിശദീകരണം വന്നെങ്കിലും വിമാനത്തിലെ സുരക്ഷാ സംവിധാനം അപര്യാപ്തമാണോ എന്ന ചോദ്യം ഉയർന്നു.

ബുധനാഴ്ച്ച മൻഹാട്ടനിൽ ഫെഡറൽ ഗ്രാൻഡ് ജൂറിക്കു മുൻപാകെ മൊഴി നൽകാനാണ് 'ടൈംസ്' റിപ്പോർട്ടർമാരെ വിളിച്ചിട്ടുള്ളത്. സ്വതന്ത്ര മാധ്യമങ്ങളെ വിരട്ടി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണിതെന്നു വിമർശനം ഉയർന്നു.

ചില റിപ്പോർട്ടർമാർക്കു ഫെഡറൽ ഏജന്റുമാർ സപ്പീനകൾ നേരിട്ടു വീട്ടിൽ എത്തിക്കയാണ് ചെയ്തത്.

'ടൈംസ്' ഈ നടപടികളെ അപലപിച്ചു. "ന്യൂസ് റിപ്പോർട്ടർമാരുടെ വീടുകളിൽ ഫെഡറൽ ഏജന്റുമാർ എത്തുക എന്നത്  അമേരിക്കൻ ഭരണഘടനയെയും അതു സംരക്ഷിക്കുന്ന പത്ര സ്വാതന്ത്ര്യത്തെയും മാനിക്കുന്ന ആരുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്," പത്രത്തിന്റെ അഭിഭാഷകൻ ഡേവിഡ് മക്ക്രോ പറഞ്ഞു.  

"ഞങ്ങളുടെ ലേഖകന്മാർ വസ്തുതകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ ഗവൺമെന്റ് എങ്ങിനെ പ്രവർത്തിക്കുന്നു എന്നും അവർ നികുതി കൊടുക്കുന്ന പണം എങ്ങിനെ വിനിയോഗിക്കുന്നു എന്നും അറിയാനുളള ജനങ്ങളുടെ അവകാശത്തെ അവർ പിന്തുണയ്ക്കുന്നു.

"മാധ്യമ പ്രവർത്തകരെ ഭീതിപ്പെടുത്തി ജോലി ചെയ്യുന്നതിൽ നിന്നു തടയുന്നത് ജനങ്ങൾ സത്യം അറിയുന്നതു തടയാനുള്ള ശ്രമമാണ്."

മൻഹാട്ടൻ യുഎസ് അറ്റോണി ജെയ് ക്ലെയ്റ്റൻ അയച്ച സപ്പീനകളിൽ വിശദീകരണങ്ങൾ ഒന്നുമില്ല. ഫെഡറൽ ക്രിമിനൽ നിയമത്തിന്റെ ലംഘനത്തിനു വിശദീകരണം നൽകാൻ ഹാജരാവണം എന്നു ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്.

അടുത്തിടെ ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് ആയി ട്രംപ് നിയമിച്ച ക്ലെയ്റ്റൻ അതോടെ വിവാദ പുരുഷനായിരുന്നു.

ജൂലിയൻ ഇ. ബാൺസ്, എറിക് ലിപ്ടൺ, ടൈലർ പേജർ, എറിക് ഷ്മിറ്റ് എന്നീ ലേഖകന്മാർക്കാണ് സപ്പീന ലഭിച്ചത്.

Trump administration summons NYT journalists 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക