Image

യൂസർനെയിം സുരക്ഷാ ആശങ്ക; കേന്ദ്രത്തിന്‍റെ നോട്ടിസിന് മറുപടി സമർപ്പിച്ച് വാട്ട്‌സ്‌ആപ്പ്

Published on 11 July, 2026
യൂസർനെയിം സുരക്ഷാ ആശങ്ക; കേന്ദ്രത്തിന്‍റെ നോട്ടിസിന് മറുപടി സമർപ്പിച്ച് വാട്ട്‌സ്‌ആപ്പ്

ന്യൂഡൽഹി: യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ അയച്ച നോട്ടിസിന് വാട്ട്‌സ്ആപ്പ് മറുപടി നൽകി. പ്രതികരണം നിലവിൽ കേന്ദ്ര സർക്കാർ പരിശോധിച്ച് വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. അപരിചിതർക്ക് ഫോൺ നമ്പറുകൾ നൽകാതെ ചാറ്റ് ചെയ്യാൻ അനുവദിക്കുന്ന വാട്ട്‌സ്‌ആപ്പിന്‍റെ യൂസർനെയിം ഫീച്ചർ തട്ടിപ്പ് സാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം വാട്ട്‌സ്‌ആപ്പിന്‍റെ മാതൃകമ്പനിയായ മെറ്റയ്‌ക്ക് നോട്ടിസ് അയച്ചത്.

പുതിയ ഫീച്ചറിന്‍റെ പ്രവർത്തനത്തെ കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും വിശദമായ മറുപടി നൽകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടത്. വിഷയത്തിൽ അന്തിമ തീരുമാനമാകുന്നത് വരെ ഫീച്ചറിന് രാജ്യത്ത് താത്‌ക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. വാട്ട്‌സ്ആപ്പിന്‍റെ യൂസര്‍നെയിം ഫീച്ചർ ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾക്കും ആൾമാറാട്ട തട്ടിപ്പുകൾക്കും കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് നോട്ടിസ് അയച്ചത്.

മറുപടി സമർപ്പിക്കാൻ വാട്ട്‌സ്ആപ്പ് കൂടുതൽ സമയം തേടിയിരുന്നു. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ പുതിയ ഫീച്ചർ പുറത്തിറക്കില്ലെന്ന് സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഐടി മന്ത്രാലയത്തിന് മറുപടി സമർപ്പിച്ചുവെങ്കിലും കേന്ദ്രം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നും, നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ആൾമാറാട്ട സാധ്യത വർധിപ്പിക്കുമെന്നും വഞ്ചനയ്ക്കുള്ള അവസരങ്ങൾ സൃഷ്‌ട്ടിക്കുമെന്നുമുള്ള ആശങ്ക സർക്കാർ മുന്നോട്ട് വെയ്‌ക്കുന്നു. ഔദ്യോഗിക ഏജൻസികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഉപയോക്തൃനാമങ്ങൾ സ്വീകരിക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിച്ചേക്കാമെന്നും ഇത് പൊതുസുരക്ഷയെ പ്രതികൂലമായി ബാധിക്കാമെന്നുമാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക