
പ്രമുഖ റൈഡ് ഷെയറിങ് കമ്പനിയായ ലിഫ്റ്റ് (Lyft), ഇന്ത്യന്‍ വംശജനായ സെന്തില്‍ പത്മനാഭനെ തങ്ങളുടെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (CTO) നിയമിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൂടുതല്‍ ശക്തമാക്കുന്നതിനുമാണ് ഈ പുതിയ നിയമനം. ജൂലൈ 20-ന് അദ്ദേഹം ചുമതലയേല്‍ക്കും. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് റിഷര്‍ക്ക് കീഴിലായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുക.
പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഇബേയില്‍ (eBay) എന്‍ജിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സെന്തില്‍. തമിഴ്നാട്ടിലെ പി.എസ്.ജി കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദവും, ബിറ്റ്‌സ് പിലാനിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ള സാങ്കേതിക വിദഗ്ദ്ധനാണ്. യാത്രാക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മികച്ച അനുഭവം നല്‍കുന്നതിനായി എ.ഐ അധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പ്രതികരിച്ചു.