
ഇറാനുമായുള്ള വെടിനിർത്തൽ അവസാനിച്ചെന്നും എന്നാൽ നയതന്ത്ര ചർച്ചകൾ തുടരുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച്ച വ്യക്തമാക്കി. ചർച്ച തുടരണമെന്ന് ഇറാൻ അഭ്യർഥിച്ചെന്നും യുഎസ് സമ്മതിച്ചെന്നും അദ്ദേഹത്തെ 'ട്രൂത് സോഷ്യലി'ൽ എഴുതി.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയില്ലെന്ന ഉറപ്പു ഇറാൻ പരസ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യം യുഎസ് ഉന്നയിച്ചിട്ടുണ്ടെന്നു യുഎസ് മാധ്യമങ്ങൾ പറഞ്ഞു. അതേ സമയം, യുഎസ് വെടിനിർത്തൽ ലംഘിച്ചു ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നു ഇറാൻ വിദേശകാര്യ വകുപ്പ് പറഞ്ഞു.
ഖത്തറിൽ നിന്നു മധ്യസ്ഥത വഹിക്കുന്ന ഉദ്യോഗസ്ഥർ ഇറാനിലെത്തിയെന്നു റിപ്പോർട്ടുണ്ട്.
യുഎസ് പടക്കപ്പലുകൾ തയ്യാർ
ഇറാന്റെ തുറമുഖങ്ങളിൽ വീണ്ടും ഉപരോധം ഏർപ്പെടുത്താൻ യുഎസ് നീക്കം നടത്തുന്നു എന്നു സൂചിപ്പിച്ചു യുഎസ്എസ് ഏബ്രഹാം ലിങ്കൺ, യുഎസ്എസ് ജോർജ് എച് ഡബ്ലിയു ബുഷ് എന്നീ പടക്കപ്പലുകൾ ഗൾഫ് ഓഫ് ഒമാനിൽ പ്രവേശിച്ചതായി 'പോസ്റ്റ്' അറിയിച്ചു.
മിഡിൽ ഈസ്റ്റിൽ ഇരുപതിലേറെ പടക്കപ്പലുകൾ പട്രോളിങ് നടത്തുന്നുണ്ടെന്നു സെന്റ്‌കോം പറഞ്ഞു.
അതിനിടെ, ഇറാൻ തന്നെ വധിച്ചാൽ ആ രാജ്യത്തെ വൻ തോതിൽ ബോംബിട്ടു തകർക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രത്തോടു പറഞ്ഞു. ഇസ്രയേൽ പുതിയൊരു ഗൂഢാലോചനയെ കുറിച്ചു വിവരം നൽകിയെന്ന റിപ്പോർട്ട് ട്രംപ് നിഷേധിച്ചു. "അത് പുതിയതൊന്നുമല്ല. എന്നെ അവർ ഉന്നം വച്ചിട്ടു ദീർഘകാലമായി. എന്തെങ്കിലും സംഭവിച്ചാൽ അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ബോംബിട്ടു തകർക്കാനാണ് ഞാൻ നിർദേശം നൽകിയിട്ടുള്ളത്."
ചൊവാഴ്ചയും ബുധനാഴ്ചയുമായി യുഎസ് ഇറാനിൽ 170 ലക്ഷ്യങ്ങൾ തകർത്തെന്നു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. നാലു മാസം മുൻപ് യുദ്ധം ആരംഭിച്ച ശേഷം നടത്തിയ ഏറ്റവും ശക്തമായ ആക്രമണങ്ങൾ എന്നു പത്രം പറയുന്നു.
മറുപടിയായി ഇറാൻ ഖത്തറിലും കുവൈറ്റിലും ബഹ്‌റൈനിലുമുള്ള യുഎസ് താവളങ്ങൾ ആക്രമിച്ചു. ജോർദാനിലും ആക്രമണം ഉണ്ടായി.
Ceasefire with Iran over, talks to continue: Trump