
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയതും അതീവ രഹസ്യവുമായ ഗൂഢാലോചന നടത്തുന്നതായി ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച പുതിയ വിവരങ്ങൾ അവർ അമേരിക്കയ്ക്ക് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിൽ നിന്നുള്ള ഭീഷണികൾ യുഎസ് ഏജൻസികൾ നേരത്തെയും നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും, ഇസ്രയേൽ ഇപ്പോൾ നൽകിയിരിക്കുന്നത് തികച്ചും പുതിയതും കൃത്യവുമായ ഒരു വധശ്രമ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളാണ്.
ഇതാണ് ഇറാനെതിരേ കടുത്ത സൈനിക നടപടിക്കു മുതിരാൻ യുഎസിനെ പ്രേരിപ്പിച്ചതെന്നും അടിസ്ഥാനപരമായി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ അവസാനിക്കും മുമ്പേ യുഎസ് നടത്തിയ ആക്രമണങ്ങൾക്കു പിന്നിൽ നെതന്യാഹുവിന്‍റെ ഈ രഹസ്യ സന്ദേശമായിരുന്നു എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ വിവരം കൈമാറുന്നത് വരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഈ നിർദ്ദിഷ്ട പദ്ധതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ യുഎസോ ഇസ്രയേലോ ഇറാനോ ഇത് സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ ഇറാൻ വധിക്കാനാഗ്രഹിക്കുന്നവരിൽ ഒന്നാം സ്ഥാനത്താണ് തന്‍റെ പേര് എന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാൻ യുദ്ധത്തിൽ നിന്നും പിന്മാറാൻ ഒരുങ്ങിയ ട്രംപ് അപ്രതീക്ഷിതമായി അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഇറാനിലേയ്ക്ക് ശക്തമായി ആക്രമണം നടത്തിയതിന്‍റെ കാരണം ഈ രഹസ്യ വിവരമാണെന്നാണ് വിലയിരുത്തലുകൾ.