
എറണാകുളം: കഴിഞ്ഞ ജൂണ്‍ 28 ന് എറണാകുളം ബിഎംഎസ് ഹാളില്‍ ചേർന്ന ഹിന്ദു നേതൃ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളാണ് പ്രതിനിധി സംഘം നിവേദനമായി മുഖ്യമന്ത്രിക്ക് കൈമാറിയത്. തിരക്കുകള്‍ക്കിടയിലും ക്ഷമാപൂർവ്വം കാര്യങ്ങള്‍ കേട്ട മുഖ്യമന്ത്രി അനുഭാവപൂർണ്ണമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ വ്യക്തമാക്കി.
ഹിന്ദു സമൂഹത്തിൻ്റെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിർദേശിക്കാൻ ഒരു കമ്മീഷനെ വെക്കുക എന്നതാണ് പ്രധാന ആവശ്യം. ഒബിസി വിഭാഗത്തിനുള്ളില്‍ വളരെ കുറഞ്ഞ സംവരണം മാത്രം ലഭിക്കുന്ന ഒബിഎച്ച് വിഭാഗത്തിന് ജനസംഖ്യാനുപാതിക സംവരണം അനുവദിച്ചു നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. മതസംവരണം അവസാനിപ്പിച്ച് അത് സംവരണ അർഹതയുള്ള സമൂഹങ്ങള്‍ക്ക് നല്‍കണമെന്നും പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനും ലാപ്സ് ആക്കുന്നതിനും എതിരെ കർശന നിയമനിർമ്മാണം നടത്തണം. നഷ്ടപ്പെട്ട ക്ഷേത്രഭൂമി പിടിച്ചെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. കാലടി സംസ്കൃത സർവകലാശാലയെ നശിപ്പിക്കാൻ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും സംസ്കൃത പഠനം കാര്യക്ഷമമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.