
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജുവിന്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് സത്യവാങ്ങ്മൂലം കോടതി തള്ളിയത്. സെക്രട്ടറി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണം.
ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആയുധമാകരുതെന്ന മുന്നറിയിപ്പും കോടതി നല്‍കി. കോടതിയലക്ഷ്യക്കേസിൽ കെ. ബിജു ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് നിരുപാധികം മാപ്പപേക്ഷിച്ചത്, ഉത്തരവ് പുതുക്കി ഹാജരാക്കിയെന്ന ബിജുവിൻ്റെ വിശദീകരണം കോടതിക്ക് സ്വീകാര്യമായില്ല.
ഐഎൻടിയുസി പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരനും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ രതീഷിനും എതിരായ ആദ്യ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ കോടതിക്ക് എതിരായ പരാമർശങ്ങൾ ഉണ്ടായിരുന്നു. ഉത്തരവ് പ്രതിയായ ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ വായിച്ചതും കോടതിയെ പ്രകോപിച്ചിരുന്നു.
സര്‍ക്കാരിനെയല്ല വിമര്‍ശിക്കുന്നതെന്ന് പറഞ്ഞ കോടതി, ഉദ്യോഗസ്ഥര്‍ എന്താണ് കാണിക്കുന്നതെന്നും എന്ത് അസംബന്ധമാണ് കാണിച്ചുകൂട്ടുന്നതെന്നും ചോദിച്ചിരുന്നു. പ്രതിയാണോ ഉത്തരവ് തയ്യാറാക്കിയതെന്ന് കോടതി ചോദിച്ചിരുന്നു. ഉദ്യോഗസ്ഥൻ്റെ വീഴ്ചയാണെന്ന് നിരീക്ഷിച്ചാണ് ബിജുവിനെ കോടതി വിളിച്ചു വരുത്തിയത്.