Image

ഖമനേയിക്ക് വിട നൽകി ഇറാൻ, സംസ്കാര ചടങ്ങുകൾ പൂ‌ർത്തിയായി; ചർച്ചയായി മൊജ്തബയുടെ അസാന്നിധ്യം

Published on 10 July, 2026
ഖമനേയിക്ക് വിട നൽകി ഇറാൻ, സംസ്കാര ചടങ്ങുകൾ പൂ‌ർത്തിയായി; ചർച്ചയായി മൊജ്തബയുടെ അസാന്നിധ്യം

 


ടെഹ്റാൻ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്കരിച്ചു. ഖമനേയിയുടെ ജന്മനാടായ കിഴക്കൻ ഇറാനിലെ മഷാദിലുള്ള  'ഇമാം റെസ' ദർഗയിലാണ് വെള്ളിയാഴ്ച (ജൂലൈ 10, 2026) രാവിലെ മൃതദേഹം അടക്കം ചെയ്തത്. അദ്ദേഹത്തോടൊപ്പം ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളുടെ മൃതദേഹങ്ങളും ഇവിടെത്തന്നെയാണ് സംസ്കരിച്ചത്.

ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് 86-കാരനായ അലി ഖമനേയി കൊല്ലപ്പെടുന്നത്. യുദ്ധസാഹചര്യങ്ങൾ കാരണം നീണ്ടുപോയ ഔദ്യോഗിക വിലാപയാത്രയും മറ്റ് ചടങ്ങുകളും കഴിഞ്ഞ ആറ് ദിവസങ്ങളായാണ് ഇറാനിലും ഇറാഖിലുമായി നടന്നത്.

ടെഹ്റാൻ, ക്വോം എന്നീ ഇറാനിയൻ നഗരങ്ങളിലും, അതിനുശേഷം ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധ നഗരങ്ങളായ ഇറാഖിലെ നജാഫ്, കർബല എന്നിവിടങ്ങളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ നഗരങ്ങളിലെല്ലാം തങ്ങളുടെ പ്രിയ നേതാവിന് വിട ചൊല്ലാൻ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. പലയിടങ്ങളിലും ജനത്തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ വല്ലാതെ ബുദ്ധിമുട്ടി.

 ഇസ്ലാമിക ഭരണകൂടത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതിനായി വൻ ജനപങ്കാളിത്തം ഉറപ്പാക്കാൻ ടെഹ്‌റാനിലെ ഭരണാധികാരികൾ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

കറുത്ത വസ്ത്രം ധരിച്ച ജനക്കൂട്ടം ഇറാൻ പതാകകളും ഖമനേയിയുടെ ചിത്രങ്ങളും കൈകളിലേന്തിയിരുന്നു. ഖമനേയിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ജനക്കൂട്ടം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും "ട്രംപിനെ വധിക്കുക" എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.

മഷാദിൽ നടന്ന അന്ത്യപ്രാർത്ഥനകൾക്ക് ഖമനേയിയുടെ മൂത്ത മകൻ മൊസ്തഫ ഖമേനി നേതൃത്വം നൽകി. ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട, ഖമനേയിയുടെ രണ്ടാമത്തെ മകൻ ആയത്തുള്ള മുജ്തബ ഖമനേയി ചടങ്ങുകളിൽ എവിടെയും പരസ്യമായി പ്രത്യക്ഷപ്പെട്ടില്ല എന്നത് ശ്രദ്ധേയമായി. ഫെബ്രുവരിയിലെ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സേനി എജൈ തുടങ്ങിയ പ്രമുഖ ഇറാനിയൻ നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

ഖമനേയിയുടെ അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടയിലും യുഎസും ഇറാനും തമ്മിലുള്ള മിസൈൽ-വ്യോമാക്രമണങ്ങൾ തുടരുകയാണ്. ഇറാന്റെ തിരിച്ചടിയെത്തുടർന്ന് കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ തുടങ്ങിയ മേഖലകളിൽ വലിയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക