
കൊച്ചി: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. 20-ന് വീണ്ടും ചര്‍ച്ച തുടരും. വിഷയത്തില്‍ കേന്ദ്രത്തെക്കൂടി ഉള്‍പ്പെടുത്താനാണ്സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി ചര്‍ച്ച നടത്തും.
കമ്പനി അധികൃതരുമായുള്ള ചര്‍ച്ചയില്‍, കമ്പനി പറഞ്ഞ ന്യായവാദങ്ങളെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സാമ്പത്തിക പ്രതിസന്ധിയുണ്ട്, ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല തുടങ്ങിയ ന്യായീകരണങ്ങളാണ് കമ്പനി അധികൃതര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍, രേഖകളില്‍ കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവര്‍ത്തവും ചൂണ്ടിക്കാട്ടി ആ വാദത്തെ സര്‍ക്കാര്‍ തള്ളി.
'കമ്പനിയുടെ നിലനില്‍പ്പിനാവശ്യമായ എന്ത് സഹായം വേണമെങ്കിലും ഒരുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് കമ്പനി പ്രതിനിധികളെ അറിയിച്ചു. സംസ്ഥാനത്ത് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനും തയ്യാറാണെന്ന് അറിയിച്ചു', മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഏതെങ്കിലും തരത്തില്‍ ഭൗതിക സാഹചര്യങ്ങളുടെ കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും 20-ാം തീയതി നിലപാട് അറിയിക്കണമെന്നും മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കൂടി ഇടപെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി മന്ത്രി ബിന്ദു കൃഷ്ണ അടുത്ത തിങ്കളാഴ്ച ചര്‍ച്ചനടത്തുമെന്നാണ് വിവരം.